National
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ന്യൂഡല്‍ഹി | സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങി. ശ്വാസകോശത്തില്‍ കടുത്ത അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ആഗസ്റ്റ് 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് മരണം ഔദ്യോഗികമായി ആശുപത്രി അധികൃതര്‍ അറിയിച്ചത്.
1952 ആഗസ്റ്റ് 12-ന് സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി ബ്രാഹ്മണ കുടുംബത്തിൽ മദ്രാസിലാണ് യെച്ചൂരിയുടെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും1975-ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദവും നേടി. ഇന്ദ്രാണി മജൂംദാർ ആണ് ആദ്യഭാര്യ. ആ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയെയാണ് യെച്ചൂരി പിന്നീട് വിവാഹം ചെയ്‌തത്. ആ ബന്ധത്തിൽ ഒരു മകനുണ്ട്.
1974 ൽ എസ്.എഫ്.ഐയിൽ ചേർന്നുകൊണ്ടാണ് യെച്ചുരിയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ജെ എൻ യുവിൽ വിദ്യാർഥി ആയിരിക്കെ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലായി. ജെ എൻ യു വിദ്യാർഥി യൂണിയൻ ചെയർമാനായിരിക്കെ സർവകലാശാലയുടെ ചാൻസലർ പദവി രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചത് സിതാറാം യെച്ചൂരിക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. വസതിയിൽ നിന്ന് ഇറങ്ങി വന്ന ഇന്ദിരയുടെ മുമ്പാകെ വിദ്യാർഥി യൂനിയന്റെ ആവശ്യങ്ങൾ വായിക്കുന്ന ചെയർമാന്റെ ചിത്രം പത്രങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് തവണ വിദ്യാർഥി യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം.
1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2015 ൽ വിശാഖപട്ടണത്ത് നടന്ന 21ആമത് പാർട്ടി കോൺഗ്രസ്സിലാണ് സി പി എം ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.