Kerala
വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ ആർ എം മനക്കലാത്ത് സംസ്ഥാനതല മാധ്യമപുരസ്കാരം മുജീബ് റഹ്മാൻ വെങ്ങാടിന്
കുന്തിപ്പുഴ കേഴുന്നു ജീവന് വേണ്ടി' എന്ന പ്രത്യേക വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
വടക്കാഞ്ചേരി| വടക്കാഞ്ചേരി പ്രസ് ക്ലബ്ബിന്റെ ഈ വർഷത്തെ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകനുള്ള ആർ എം മനക്കലാത്ത് സ്മാരക സംസ്ഥാനതല മാധ്യമപുരസ്കാരം സിറാജ് പത്രത്തിന്റെ മലപ്പുറം കൊളത്തൂർ ലേഖകൻ മുജീബ് റഹ്മാൻ വെങ്ങാടിന്. ‘കുന്തിപ്പുഴ കേഴുന്നു ജീവന് വേണ്ടി’ എന്ന പ്രത്യേക വാർത്താ പരമ്പരയാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
പ്രാദേശിക മാധ്യമ പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ടോളമായി സജീവ സാന്നിധ്യമാണ്. നിലവിൽ ‘സിറാജ്’ ദിനപത്രത്തിന്റെ കൊളത്തൂർ പ്രാദേശിക ലേഖകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കഴിഞ്ഞ അഞ്ചു വർഷമായി കൊളത്തൂർ പ്രസ് ഫോറം സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.
മാധ്യമ രംഗത്തെ സജീവ ഇടപെടലുകൾക്കൊപ്പം തന്നെ കാൽ നൂറ്റാണ്ടോളമായി അധ്യാപന മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അദ്ദേഹം. നിലവിൽ കൊളത്തൂർ ഇർശാദിയ്യ ഇംഗ്ലീഷ് സ്കൂളിലെ സ്റ്റാഫായി സേവനമനുഷ്ഠിക്കുന്നു. കുൽസു സുഹൈറയാണ് ഭാര്യ. മുഹമ്മദ് സിനാൻ, മുഹമ്മദ് ശമീം, മുഹമ്മദ് ശഹ്സിൻ എന്നിവർ മക്കളാണ്.
5555 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ചേലക്കര സിസിവി ചാനൽ ന്യൂസ് റിപ്പോർട്ടർ വിബിക്സ് ചേലക്കരയ്ക്കാണ് (പെൺ പ്രഭ തൻ തോൽപ്പാവകൂത്ത് – പ്രത്യേക സ്റ്റോറി) മികച്ച പ്രാദേശിക ചാനൽ റിപ്പോർട്ടർക്കുള്ള പുരസ്കാരം. ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 11 മണിക്ക് വടക്കാഞ്ചേരി വ്യാപാരഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ. രാധാകൃഷ്ണൻ എം.പി. അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
Content Highlights: Siraj Kolathur correspondent Mujeeb Rahman Vengad won the RM Manakkalath State Media Award by Vadakkanchery Press Club for his news series on Kuntipuzha. With two decades in journalism and teaching, he will receive the award on October 31 from K Radhakrishnan MP at Vadakkanchery Vyapara Bhavan.




