Kerala
വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല
തിരുവനന്തപുരം | സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2016ലും സമാനമായ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പിന്നീട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. സുരക്ഷാ-രഹസ്യാന്വേഷണ ഏജന്‍സികളെ വിവരാവകാശ നിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമച്ചട്ടം ഉപയോഗിച്ചാണ് നടപടി. പോലീസിലെയും ഇന്റലിജന്‍സിലെയും രഹസ്യവിഭാഗങ്ങളെ നേരത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിരുന്നു
രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കേസുകളിലെ നിര്‍ണായക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലന്‍സിലെ ടി സെക്ഷന്‍. വിജ്ഞാപമിറങ്ങിയതോടെ ഈ സെക്ഷനിലെ നിര്‍ണായക വിവരങ്ങള്‍ വിവരാവകാശ നിയമം അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ലഭിക്കില്ല.വിജിലന്‍സിന്റെ അതീവ പ്രാധാന്യമുള്ള രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1 (T1), ടി2 (t2) എന്നീ രണ്ട് പ്രധാന സെക്ഷനുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നിരിക്കെ. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ നിന്ന് മറയ്ക്കാനുള്ള നീക്കമാണിതെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോള്‍ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷന്‍ വീണ്ടും വിവരാവകാശ പരിധിയില്പ്പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതിന് പിന്നാലെയാണ് രഹസ്യവിഭാഗങ്ങളെ വീണ്ടും വിവരാവകാശ പരിധിക്ക് പുറത്താക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്
Content Highlights: The Kerala government issued a notification exempting the vigilance T section from the RTI Act. This secret section handles sensitive cases involving politicians, ministers, and top officials. Critics argue the move aims to conceal high-profile investigation reports from public scrutiny.


