Uae
ശൈഖ് ഹംദാന്റെ നേതൃത്വം; യു എ ഇ പ്രതിരോധ തന്ത്രത്തെ പുനഃരൂപീകരിക്കുന്നു
ഒരു വർഷത്തിനുള്ളിൽ ശൈഖ് ഹംദാൻ പ്രതിരോധ മന്ത്രാലയത്തിന് പുതിയ ഊർജവും ലക്ഷ്യബോധവും നൽകി.

ദുബൈ|ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വം ഏറ്റെടുത്തിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവുന്നു. ഒരു വർഷത്തെ ഭരണത്തിൽ സുപ്രധാനമായ മാറ്റങ്ങൾക്ക് അദ്ദേഹത്തിന് നേതൃത്വം നൽകാനായി. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും നേതൃത്വത്തിലും സുപ്രധാനമായ പരിവർത്തനങ്ങൾ ഈ കാലയളവിൽ അദ്ദേഹം കൊണ്ടുവന്നു. 2024 ജൂലൈ 14നാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ദുബൈ കിരീടാവകാശി കൂടിയായ 41 വയസ്സുള്ള ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിച്ചത്.
ഒരു വർഷത്തിനുള്ളിൽ ശൈഖ് ഹംദാൻ പ്രതിരോധ മന്ത്രാലയത്തിന് പുതിയ ഊർജവും ലക്ഷ്യബോധവും നൽകി. ദുബൈയിൽ പരിവർത്തനപരമായ സംരംഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഭരണപരിചയവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ഒരുമിപ്പിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വം യു എ ഇ പ്രതിരോധ തന്ത്രത്തെ പുനരേകീകരിക്കുന്ന കാഴ്ചയാണ് തുടർന്ന് കണ്ടത്. 2024 ജൂലൈയിൽ സൈനിക ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രസംഗത്തിൽ തന്നെ ഈ കാഴ്ചപ്പാട് വ്യക്തമായിരുന്നു. സായുധ സേനയെ “സംഘടനയുടെയും മികവിന്റെയും ആഗോള മാതൃക’ എന്ന് അദ്ദേഹം പ്രശംസിക്കുകയും ദേശീയ പരമാധികാരവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.
ഈ വർഷം ജനുവരിയിൽ സായിദ് മിലിട്ടറി സിറ്റിയിൽ അത്യാധുനിക ഗ്രൗണ്ട് സിസ്റ്റങ്ങൾ പരിശോധിക്കുന്നത് മുതൽ ഡിഫൻസ് കൗൺസിലിന്റെ 2025 ലെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് വരെ നിർവഹിച്ച് ശൈഖ് ഹംദാന്റെ നേതൃത്വത്തിൽ രാജ്യം പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റം നടത്തി. പ്രതിരോധ സന്നദ്ധത, സൈനിക വിദ്യാഭ്യാസത്തിന്റെ നവീകരണം, ശക്തമായ തദ്ദേശീയ പ്രതിരോധ വ്യവസായത്തിന്റെ വികസനം എന്നിവയിലുള്ള സ്ഥിരമായ ശ്രദ്ധ അദ്ദേഹത്തിന്റെ അജണ്ടയിൽ നിറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയം അദ്ദേഹത്തിന്റെ മാർഗനിർദേശത്തിന് കീഴിൽ 21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള തീരുമാനമെടുക്കൽ, തദ്ദേശീയ നവീകരണം എന്നിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.