local body election 2025
പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ നിലപാട് കടുപ്പിച്ച് ഷാഫി ചാലിയം
ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ ഇരുവരും മായിന്‍ ഹാജിയെ രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ എസ് ടി യു നേതാവ് യു പോക്കര്‍ കഴിഞ്ഞ ദിവസം രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
കോഴിക്കോട് | നല്ലളത്തെ സ്ഥാനാർഥിത്വത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം സി മായിന്‍ ഹാജിക്കെതിരെ സംസ്ഥാന നേതാക്കളായ ഷാഫി ചാലിയവും ഉമര്‍ പാണ്ടികശാലയും രംഗത്ത്. ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ ഇരുവരും മായിന്‍ ഹാജിയെ രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ എസ് ടി യു നേതാവ് യു പോക്കര്‍ കഴിഞ്ഞ ദിവസം രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.
കോഴിക്കോട് കോര്‍പറേഷനില്‍ നല്ലളം 43ാം ഡിവിഷനിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയാണ് ലീഗിലെ പ്രതിസന്ധി. ഡിവിഷനിലെ നാല് ശാഖാ കമ്മിറ്റികളും യു പോക്കറിനെ മത്സരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മായിന്‍ ഹാജി സ്വന്തം താത്പര്യം മുന്‍നിര്‍ത്തി മേഖലാ ലീഗ് പ്രസിഡന്റ്്വി പി ഇബ്‌റാഹീമിന് സ്ഥാനാര്‍ഥിത്വം നല്‍കിയെന്നാണ് ആക്ഷേപം.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തില്‍ യു പോക്കറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഷാഫി ചാലിയവും ഉമര്‍ പാണ്ടികശാലയും ശക്തമായി ഉന്നയിച്ചെങ്കിലും മായിന്‍ ഹാജിയെ മറികടക്കാന്‍ സാധിച്ചില്ല. പോക്കറിനെ മത്സരിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തെ അനുനയിപ്പിച്ച ശേഷമേ ഇബ്‌റാഹീമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാവൂ എന്ന നിലപാടും അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പോക്കറിനൊപ്പം 35 പേരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്.
പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നതിനോട് മറ്റുള്ളവര്‍ക്ക് യോജിപ്പില്ലെങ്കിലും ഏകാധിപത്യം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ നിലപാട് കടുപ്പിക്കുകയാണ് പ്രാദേശിക നേതാക്കള്‍. പോക്കറിന്റെ രാജിയോടെ സംസ്ഥാന നേതൃത്വം ഇടപെട്ട് പ്രാദേശിക നേതാക്കള്‍ക്കിടയില്‍ അനുനയ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
നല്ലളത്ത് 2015ലും 2020ലും തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ സമാന ഭിന്നത ഉടലെടുത്തിരുന്നു. അന്ന് എല്‍ ഡി എഫ് സ്വതന്ത്ര മൈമൂനയാണ് വിജയിച്ചത്. വനിതാ ലീഗ് നേതാവ് കൂടിയായിരുന്ന മൈമൂന മുസ്‌ലിം ലീഗ് പ്രാദേശിക ഘടകത്തിന്റെ പിന്തുണയോടെയാണ് വിജയിച്ചത്.


