Connect with us

Kerala

എസ് എഫ് ഐ കരിങ്കൊടി കാണിച്ചു; ക്ഷുഭിതനായ ഗവർണർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു; കൊല്ലത്ത് നാടകീയ രംഗങ്ങൾ

കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍

Published

|

Last Updated

കൊല്ലം | എസ് എഫ് ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തെരുവിൽ ‘നേരിട്ട്’ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊല്ലം നിലമേലില്‍ എസ്എഫ്‌ഐ കരിങ്കൊടി കാട്ടിയതോടെ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങി വഴിയിൽ ഇരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ നിലയുറപ്പിച്ചത്.  ഒടുവിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത്, എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം ഗവർണർ  അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് തന്നെ നിയമലംഘിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. കരിങ്കൊടി മുഖ്യമന്ത്രിക്കെതിരെയെങ്കില്‍ ഇതാണോ സ്ഥിതിയെന്ന ഗവര്‍ണര്‍ ചോദിച്ചു. എല്ലാവര്‍ക്കും എതിരെ കേസെടുക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശത്തിന് പിന്നാലെ 17 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

എന്തുകൊണ്ട് പൊലീസ് പ്രതിഷേധം അറിയാതെ പോയെന്നും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു. ഗവര്‍ണറെ അനുനയിപ്പിക്കാന്‍ പൊലീസുകാര്‍ ശ്രമിചുവെങ്കിലും ഗവർണർ വഴങ്ങിയില്ല.

അതിനിടെ, തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവർണർ ആവശ്യപ്പെട്ടു.