National
ലൈംഗിക പീഡനം: സ്വാമി ചൈതന്യനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ ഞായറാഴ്ച പുലർച്ചെയാണ് ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി | സ്വകാര്യ സ്ഥാപനത്തിലെ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ സ്വാമി ചൈതന്യനന്ദ സരസ്വതിയെ (62) ഡൽഹി കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ ഞായറാഴ്ച പുലർച്ചെയാണ് ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഒരു മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാനായ ഇയാൾ, രാത്രി വൈകി തന്റെ ക്വാർട്ടേഴ്സിലേക്ക് വിദ്യാർത്ഥിനികളെ വിളിപ്പിക്കുകയും പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തതായാണ് കേസ്. ഇയാളുടെ ഫോൺ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ നീക്കങ്ങൾ നിരീക്ഷിച്ചതായും ആരോപണമുണ്ട്.
സരസ്വതിയുടെ പേരിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലുമായി ഉണ്ടായിരുന്ന 8 കോടി രൂപ അധികൃതർ മരവിപ്പിച്ചു. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം 50 ലക്ഷം രൂപയിലധികം ഇയാൾ പിൻവലിച്ചിരുന്നു. ഇയാൾ നിരവധി ബാങ്ക് അക്കൗണ്ടുകൾ വ്യാജ പേരുകളിലും വിവരങ്ങളിലുമാണ് കൈകാര്യം ചെയ്തിരുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. ഐക്യരാഷ്ട്രസഭയുമായും ബ്രിക്‌സുമായും ബന്ധമുള്ള ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വ്യാജ വിസിറ്റിങ് കാർഡുകളും അറസ്റ്റിനിടെ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ മൂന്ന് മൊബൈൽ ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാൻ മഥുര, വൃന്ദാവൻ, ആഗ്ര എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ ഇയാൾ മാറിമാറി താമസിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേര് ദുരുപയോഗം ചെയ്ത് തന്റെ സ്വാധീനം സ്ഥാപിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായും, തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താൻ സഹായികളിലൂടെ ഇയാൾ ചിലരെ വിളിപ്പിച്ചിരുന്നതായും കണ്ടെത്തി.
ശൃംഗേരി ശാരദാ പീഠവുമായും അതിന്റെ വിദ്യാഭ്യാസ വിഭാഗമായ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് റിസർച്ചുമായി (SIIMR) ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ട മറ്റൊരു കേസിൽ ചൈതന്യനന്ദ സരസ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ഗൂഢാലോചനയുടെ പൂർണ്ണമായ വ്യാപ്തി കണ്ടെത്താൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് അനിവാര്യമാണെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ഡോ. ഹർദീപ് കൗർ നിരീക്ഷിച്ചു.