Alappuzha
പന്ത്രണ്ടുകാരിക്കെതിരെ ലൈംഗികാതിക്രമം; സി പി ഐ നേതാവിനെതിരെ പോക്‌സോ കേസ്
ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്.
ആലപ്പുഴ | ചാരുമൂടില്‍ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് കേസ്. പ്രതി ഒളിവിലാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കി. പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബസ്സ്റ്റോപ്പിനു സമീപം ഇറക്കിവിട്ടു.
സ്‌കൂളിലെത്തിയ കുട്ടി സഹപാഠികളെയും അധ്യാപകരെയും വിവരമറിയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസിലറിയിക്കുകയായിരുന്നു. എസ് ഐ. അജിത്തിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു.


