Connect with us

National

ലോക്‌സഭയിലെ സുരക്ഷാവീഴ്ച; പ്രതിഷേധിച്ച 14 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

സസ്പെന്‍ഡ് ചെയ്തവരില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച 14 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യാ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹന്നാന്‍, വികെ ശ്രീകണ്ഠന്‍, ജ്യോതി മണി, മുഹമ്മദ് ജാവേദ്, പിആര്‍ നടരാജന്‍, കനിമൊഴി കരുണാനിധി, കെ സുബ്രഹ്‌മണ്യം, എസ് ആര്‍ പാര്‍ഥിപന്‍, എസ് വെങ്കിടേശന്‍, മാണിക്യം ടാഗോര്‍ എന്നിവരെയാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സമാനമായ രീതിയില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്തവരില്‍ ആറ് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്.

ഗുരുതരമായ അച്ചടക്കലംഘനമാണ് എംപിമാര്‍ നടത്തിയതെന്നും സഭയുടെ അന്തസ്സിന് ചേരാത്ത വിധത്തില്‍ പ്രതിഷേധം നടത്തിയെന്നതുമാണ് ഇവര്‍ക്കെതിരെ നടപടിക്ക് കാരണമായതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്ലഹ്ലാദ് ജോഷി പറഞ്ഞു. ഉച്ചക്ക് സഭാ നടപടികള്‍ അവാസനിപ്പിക്കുന്നതിന് മുന്‍പ് ഇന്നലെയുണ്ടായ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചെയറിനുനേരെ എത്തി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ താക്കീത് ഉണ്ടായിട്ടും അത് വകവെക്കാതെ മുദ്രാവാക്യം വിളി തുടരുകയും ചെയ്തു. സഭാനടപടികള്‍ ഉച്ചക്ക് തുടങ്ങിയതോടെ ഇവര്‍ക്കെതിരായ അച്ചടക്ക നടപടിക്കുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സഭയില്‍ വായിച്ചത്. അത് സഭ പാസാക്കുകയായിരുന്നു.

അതേസമയം, ലോക്സഭയിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് 8 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണു നടപടി. രാംപാല്‍, അരവിന്ദ്, വീര്‍ ദാസ്, ഗണേഷ്, അനില്‍, പ്രദീപ്, വിമിറ്റ്, നരേന്ദ്ര എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.

 

 

 

Latest