Connect with us

Kerala

തനിക്കെതിരെ ബി ജെ പി നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി; ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ല തന്റെ രാഷ്ട്രീയം: ഇ പി ജയരാജന്‍

'കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ ഉപദേശം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റ് പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകും.'

Published

|

Last Updated

തിരുവനന്തപുരം | തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണം ആവര്‍ത്തിച്ച് എല്‍ ഡി എഫ് കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജന്‍. ബി ജെ പി നേതൃത്വത്തിലാണ് ഗൂഢാലോചന നടത്തിയത്. കാര്യങ്ങള്‍ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേര്‍ന്നു. ഒറ്റ ദിവസം കൊണ്ട് മാറുന്നതല്ല തന്റെ രാഷ്ട്രീയമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ജയരാജന്‍ വ്യക്തമാക്കി.

ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും ജയരാജന്‍ പറഞ്ഞു. താന്‍ ഗള്‍ഫില്‍ പോയി ചര്‍ച്ച നടത്തിയെന്നാണ് കെ സുധാകരന്‍ പറയുന്നത്. ഗള്‍ഫില്‍ പോയിട്ട് വര്‍ഷങ്ങളായി. എന്ത് തെളിവുണ്ടായിട്ടാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ചര്‍ച്ച നടത്തിയത് സുധാകരനാണ്. ബി ജെ പിയുമായി ചെന്നൈയില്‍ വച്ച് നടന്ന കൂടിക്കാഴ്ചയെ കുറിച്ച് സുധാകരന്‍ തന്നെ സമ്മതിച്ചതാണ്. അത് പറഞ്ഞപ്പോള്‍ ആരോപണം തനിക്കെതിരെ തിരിച്ചു. ഇല്ലാക്കഥകള്‍ മെനഞ്ഞ് വ്യക്തിഹത്യ നടത്തി.

ചോദ്യം വന്നതിനാലാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ പറഞ്ഞത്. പ്രതിക്കാതിരുന്നുവെങ്കില്‍ ആരോപണം സത്യമാണെന്ന് കരുതും. മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതു കൊണ്ടാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമര്‍ശവും സ്വാഗതാര്‍ഹമാണ്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റ് പറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ജയരാജന്‍ പറഞ്ഞു.

തനിക്കെതിരെ നടപടിയുണ്ടാകും എന്നത് മാധ്യമ സൃഷ്ടിയാണ്. നന്ദകുമാറിന് തന്നെ വഞ്ചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നു കരുതി ആരെയും പറ്റിക്കാത്ത ആളല്ല നന്ദകുമാര്‍. തന്നെ ട്രാപ്പിലാക്കാന്‍ ഒരു കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. ആ സമയം തന്നെ താനത് തിരിച്ചറിഞ്ഞുവെന്നും ജയരാജന്‍ പറഞ്ഞു.

Latest