Kerala
സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാത്ത കുട്ടികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വലിയ രീതിയിൽ വിവാദമായത്.
തൃശ്ശൂർ | സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികളെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് തൃശ്ശൂർ മാള രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോക്ടർ രാജു ഡേവിസ്. താൻ നടത്തിയ പരാമർശം ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും തന്റെ വാക്കുകൾ ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വലിയ രീതിയിൽ വിവാദമായത്. പരിപാടിയിൽ പങ്കെടുക്കാതിരുന്ന കുട്ടികളെ പാക്കിസ്ഥാനിൽ അയക്കണമെന്നായിരുന്നു പരാമർശം.
തന്റെ വാക്കുകൾ ചില വിഭാഗങ്ങളെയും ആളുകളെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും യാതൊരുവിധ ദുർചിന്തയും അതിനു പിന്നിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കണമെന്ന ചിന്തയിലല്ല സംസാരിച്ചത്. തന്റെ പ്രസ്താവന ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശം പൂർണ്ണമായും പിൻവലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Content Highlights:
Raju Davis International School Chairman Dr Raju Davis expressed regret over his controversial Independence Day remark. He stated that his words about sending absent students to Pakistan were not intended to offend anyone. He withdrew the statement and offered an apology.

