Connect with us

Ongoing News

സഊദിയുടെ പരമാധികാരം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കും: ഹൂത്തി ആക്രമണങ്ങളെ അപലപിച്ച് മക്ക പ്രതിരോധ സഖ്യം

Published

|

Last Updated

റിയാദ് / ഇസ്‌ലാമാബാദ്| സഊദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി മിലിഷ്യ നടത്തുന്ന തുടർച്ചയായ ക്രൂരമായ ആക്രമണങ്ങളെ മക്ക പ്രതിരോധ സഖ്യത്തിലെ അംഗരാജ്യങ്ങളായ സഊദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവർ ശക്തമായി അപലപിച്ചു. പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ചേർന്ന സഖ്യത്തിന്റെ പൊളിറ്റിക്കൽ ആൻഡ് ഡിഫൻസ് സ്ട്രാറ്റജിക് കമ്മിറ്റിയുടെ രണ്ടാമത് ഉന്നതതല യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. സഊദി അറേബ്യയുടെ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങൾ തുടരാനും കൂടുതൽ വേഗത്തിലാക്കാനും സമിതി തീരുമാനിച്ചു.

2026 ഓഗസ്റ്റ് 7-ന് ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിലെ വ്യവസ്ഥകൾ പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന സായുധ ആക്രമണം സഖ്യത്തിലെ മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും. പരസ്പര ഐക്യദാർഢ്യം, കൂട്ടായ പ്രതിരോധം, ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കൽ എന്നിവയോടുള്ള പ്രതിബദ്ധത മൂന്ന് രാജ്യങ്ങളും ആവർത്തിച്ചു. ഓഗസ്റ്റ് 31-ന് ഇസ്താംബൂളിൽ നടന്ന പ്രഥമ യോഗത്തിലെയും ഒക്ടോബർ 5-ന് റിയാദിൽ നടന്ന അടിയന്തര യോഗത്തിലെയും തീരുമാനങ്ങളുടെ പുരോഗതി സമിതി വിലയിരുത്തി.

ദേശീയ നിയമങ്ങൾക്ക് അനുസൃതമായി കൂട്ടായ പ്രതിരോധ പ്രതിബദ്ധതകൾ പ്രായോഗികമായി നടപ്പിലാക്കുന്നതിലും സഖ്യത്തിന്റെ സ്ഥാപനപരമായ ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത് , സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സഊദി അറേബ്യയിൽ സ്ഥാപിക്കുന്ന ജനറൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തന പുരോഗതിയെ യോഗം പ്രശംസിച്ചു. അംഗരാജ്യങ്ങളുടെ സായുധ സേനകളുടെ സംയുക്ത ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രതിരോധ വ്യവസായം, സംയുക്ത സാങ്കേതിക വികസനം, സൈനിക പരിശീലനം എന്നിവയിൽ സഹകരണം ശക്തമാക്കാനും തീരുമാനമായി.

നിലവിലെ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും അമേരിക്ക-ഇറാൻ ചർച്ചകളും വിലയിരുത്തിയ യോഗം, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ മക്ക പ്രതിരോധ സഖ്യത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ, പുതിയ അംഗരാജ്യങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖയ്ക്ക് കമ്മിറ്റി തത്വത്തിൽ അംഗീകാരം നൽകി.

2026 സെപ്റ്റംബർ 23 മുതൽ സഊദി അറേബ്യയിലെ വിമാനത്താവളങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സഊദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്, തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, പ്രതിരോധ മന്ത്രി യാസർ ഗുലർ എന്നിവരും മൂന്ന് രാജ്യങ്ങളിലെയും സൈനിക മേധാവികളും പങ്കെടുത്ത നിർണ്ണായക യോഗം ഇസ്‌ലാമാബാദിൽ ചേർന്നത്. സന്ദർശനത്തിനിടെ സഊദി പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.

Content Highlights: Saudi Arabia, Pakistan, and Turkey condemned Houthi attacks on civilian areas and infrastructure in Saudi Arabia following the second Political and Defence Strategic Committee meeting in Islamabad. The allies accelerated collective defence plans, approved guidelines for prospective members like Egypt, Syria, and Bangladesh, and backed diplomatic de-escalation. Ministers also met Pakistani Prime Minister Shehbaz Sharif on bilateral defence cooperation.

Latest