National
ബിസ്ലേരി കുപ്പിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ; വില്‍പ്പന തടഞ്ഞ് എഫ് എസ് എസ് എ ഐ
PB 201 എന്ന ബാച്ച് നമ്പറിലുള്ള വെള്ളത്തിലാണ് മലിനീകരണം സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാള്‍| പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലേരിക്കെതിരെ വീണ്ടും നടപടിയുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. പശ്ചിമ ബംഗാളിലെ ബിസ്ലേരി പ്ലാന്റില്‍നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. PB 201 എന്ന ബാച്ച് നമ്പറിലുള്ള വെള്ളത്തിലാണ് മലിനീകരണം സ്ഥിരീകരിച്ചത്. 2027 ജനുവരി 19 വരെയാണ് ഈ ബാച്ചിന്റെ ഉപയോഗകാലാവധി.
പ്രാഥമിക ലാബിലും റഫറല്‍ ലാബിലും നടത്തിയ പരിശോധനകളില്‍ സാമ്പിളില്‍ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 2026 ജൂലൈ 20ന് ജല്‍പായ്ഗുരി ജില്ലയിലെ തേലിപാറ ഗ്രാമത്തിലുള്ള ബിസ്ലേരി പ്ലാന്റില്‍നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 12ന് ഈ ബാച്ചിന്റെ വില്‍പ്പന എഫ് എസ് എസ് എ ഐ നിരോധിച്ചിരുന്നു. ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്കും അനുമതി നല്കി.
ഈ ആഴ്ച ബിസ്ലേരിക്കെതിരെ എഫ് എസ് എസ് എ ഐ സ്വീകരിക്കുന്ന രണ്ടാമത്തെ നടപടിയാണിത്. നവംബര്‍ 22ന് ഗോവയിലെ പ്ലാന്റില്‍ നിര്‍മിച്ച മറ്റൊരു ബാച്ചിലും അനുവദനീയമായ അളവില്‍ കൂടുതല്‍ ബ്രോമേറ്റും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും (PAHs) കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടിയെടുത്തിരുന്നു. 2025 സെപ്റ്റംബറില്‍ നിര്‍മിച്ച ബാച്ചിലായിരുന്നു ഈ പ്രശ്നം കണ്ടെത്തിയത്.
അതേസമയം, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ലബോറട്ടറി പരിശോധനാ ഫലങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്നുമാണ് ബിസ്ലേരിയുടെ വിശദീകരണം. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കുപ്പിവെള്ള നിര്‍മാണ കമ്പനികളില്‍ പരിശോധന ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും എഫ് എസ് എസ് എ ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയല്ല, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നടപടികളുടെ ലക്ഷ്യമെന്ന് എഫ് എസ് എസ് എ ഐ സിഇഒ രജിത് പുന്‍ഹാനി വ്യക്തമാക്കി.
Content Highlights: FSSAI moved against Bisleri after coliform bacteria was found in a bottled water batch from its West Bengal plant, marking the second action against the brand this week. Prosecution was approved against Bisleri International, and states were told to tighten checks on bottled water units. CEO Rajit Punhani said the steps aim to enforce safety norms rather than cause panic.

