From the print
സാറ്റലൈറ്റ് വിശകലനം; ഇറാൻ ആക്രമിച്ചത് അഞ്ച് ഇസ്‌റാഈൽ സൈനിക താവളങ്ങൾ
ആറ് ഇറാനിയൻ മിസൈലുകൾ ഇസ്റാഈലിന്റെ വ്യോമാതിർത്തിയിലേക്ക് കയറി നാശനഷ്ടമുണ്ടാക്കി

തെൽ അവീവ് | കഴിഞ്ഞ മാസം 12 ദിവസം നീണ്ട യുദ്ധത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് ഇസ്റാഈലി സൈനിക താവളങ്ങളിൽ ആഘാതമേൽപ്പിച്ചതായി റിപോർട്ട്. ഒറിഗോൺ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി പങ്കിട്ട ഉപഗ്രഹ ഡാറ്റ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.
ആറ് ഇറാനിയൻ മിസൈലുകൾ ഇസ്റാഈലിന്റെ വ്യോമാതിർത്തിയിലേക്ക് കയറി നാശനഷ്ടമുണ്ടാക്കി. ഇസ്റാഈൽ പ്രതിരോധ സേനാ താവളങ്ങളിലും മറ്റ് അതീവ രഹസ്യ സ്ഥലങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ സൈനിക സെൻസർഷിപ്പ് നിയമങ്ങൾ കാരണം നേരത്തേ ഇസ്റാഈൽ പുറത്തുവിട്ടിരിന്നില്ല. ഈ നാശനഷ്ടങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ ഉപഗ്രഹ ഡാറ്റ പ്രകാരം പുറത്തുവരുന്നത്. ഐ ഡി എഫിന്റെ ഒരു പ്രധാന വ്യോമതാവളം, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, ഒരു ലോജിസ്റ്റിക്സ് ഹബ് എന്നിവയുൾപ്പെടെ അഞ്ച് സൈനിക കേന്ദ്രങ്ങളിലാണ് ഇറാന്റെ മിസൈലുകൾ ക്ഷതമേൽപ്പിച്ചതെന്ന് റിപോർട്ടിൽ പറയുന്നു. ഇസ്റാഈൽ മാധ്യമങ്ങളും ടെലിഗ്രാഫിനെ ഉദ്ധരിച്ച് ഇക്കാര്യം റിപോർട്ട് ചെയ്തിട്ടുണ്ട്.
12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ഇസ്റാഈൽ സൈന്യത്തിനുണ്ടായ തിരിച്ചടി സംബന്ധിച്ചുള്ള വിവരങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. യുദ്ധസമയത്ത് തങ്ങളുടെ താവളങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ ഐ ഡി എഫ് സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ ഓപറേഷനിലുടനീളം എല്ലാ പ്രസക്തമായ യൂനിറ്റുകളും തടസ്സമുണ്ടാകാതെ പ്രവർത്തനം തുടർന്നുവെന്ന് ഐ ഡി എഫ് വ്യക്തമാക്കിയിരുന്നു. ജൂൺ 13ന് രാത്രി, മിസൈൽ ആഘാതങ്ങളുടെ ഫോട്ടോകൾ പ്രസിദ്ധീകരിക്കരുതെന്ന് ഐ ഡി എഫ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ടെൽ നോഫ് വ്യോമതാവളം, ഗ്ലിലോട്ട് രഹസ്യാന്വേഷണ താവളം, കൂടാതെ സിപ്പോറിറ്റ് ആയുധ നിർമാണ താവളം എന്നിവിടങ്ങളിലടക്കമാണ് ഇറാന്റെ മിസൈലാക്രമണം ആഘാതം ഏൽപ്പിച്ചതെന്ന് ടെലിഗ്രാഫിന്റെ റിപോർട്ടിൽ പറയുന്നു. ഇസ്റാഈലിന്റെയും യു എസിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് മറ്റ് 36 മിസൈലുകൾ ഇസ്റാഈലിൽ പതിച്ചതായും റിപോർട്ടിൽ പറയുന്നു. 28 പേരുടെ മരണത്തിനിടയാക്കുകയും, 240 കെട്ടിടങ്ങൾക്കും രണ്ട് സർവകലാശാലകൾക്കും, ഒരു ആശുപത്രിക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. 13,000-ത്തിലധികം ഇസ്റാഈലികളെ ഭവനരഹിതരാക്കുകയും ചെയ്തതായും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ ഇസ്റാഈലിന് നേരെ 500-ലധികം ബാലിസ്റ്റിക് മിസൈലുകളാണ് അയച്ചത്. 1,100 ഡ്രോണുകളും വിക്ഷേപിച്ചു.
ഇറാനിയൻ മിസൈലുകളിൽ ഭൂരിഭാഗവും തടഞ്ഞുനിർത്താൻ കഴിഞ്ഞെങ്കിലും, യുദ്ധം പുരോഗമിക്കുന്നതിനനുസരിച്ച് ഇറാനെ പ്രതിരോധിക്കുന്നതിൽ ഇസ്റാഈൽ പരാജയപ്പെട്ടിരുന്നു. അതേസമയം, യുദ്ധത്തിനുശേഷം ആദ്യമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ പൊതുവേദിയൽ പ്രത്യക്ഷപ്പെട്ടു. മുഹർറത്തിന്റെ ഭാഗമായ ചടങ്ങുകളിലാണ് ഖാംനഈ പങ്കെടുത്തത്. അദ്ദേഹം ആളുകളെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ഇറാൻ പുറത്തുവിട്ടു.