Connect with us

Kerala

സഞ്ജു താരം: ആവേശത്തില്‍ ആറാടി കേരളം; ഇതൊരു സ്വപ്‌നം പോലെയെന്ന് സഞ്ജു

രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍...അഭിനന്ദന പ്രവാഹം

Published

|

Last Updated

തിരുവനന്തപുരം | 2026 ടി20 ലോകകപ്പിന്റെ താരമായി സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശം കേരളത്തിലാകെ അലയടിക്കുന്നു. രാജ്യത്തിന്റെ അഭിമാനതാരമായി മാറിയ മലയാളി യഥാര്‍ഥ കേരളാ സ്റ്റോറി ലോകത്തിനു കാട്ടിക്കൊടുത്തു. ഇതൊരു സ്വപ്‌നം പോലെ തോന്നുന്നു. ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നായിരുന്നു കേരളത്തിന്റെ അഭിമാനതാരം സഞ്ജുവിന്റെ ആദ്യ പ്രതികരണം.

ടി20 ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ ലോകകിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്റെ അസാമാന്യമായ കഴിവും നിശ്ചയദാര്‍ഢ്യവും ഒത്തൊരുമയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടൂര്‍ണമെന്റിലുടനീളം ടീം പ്രകടിപ്പിച്ച പോരാട്ടവീര്യം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ അഭിമാനവും സന്തോഷവും നിറച്ചുവെന്ന് മോദി എക്‌സില്‍ കുറിച്ചു.

ഇന്ത്യന്‍ മണ്ണില്‍ തന്നെ കിരീടം നിലനിര്‍ത്താന്‍ സാധിച്ചത് മറക്കാനാവാത്ത നിമിഷമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെയും ടൂര്‍ണമെന്റിലുടനീളം തിളങ്ങിയ ജസ്പ്രീത് ബുംറയെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നീലപ്പടയുടെ ഈ ഉജ്ജ്വല വിജയം രാജ്യത്തിന് വലിയ ആഘോഷത്തിനുള്ള അവസരമാണ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയത്തില്‍ സഞ്ജുവിന്റെ പ്രകടനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പേരെടുത്ത് പ്രകീര്‍ത്തിച്ച് അഭിനന്ദനം അറിയിച്ചു. സഞ്ജുവിന്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചപ്പോള്‍, സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ആധികാരികമായ പ്രകടനം കാഴ്ചവെച്ചെന്ന് എം കെ സ്റ്റാലിനും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളില്‍ സംയമനത്തോടെ സഞ്ജു പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യന്‍ ടീമിന് അഭിനന്ദനം നേര്‍ന്നുകൊണ്ട് അദ്ദേഹം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

സ്വന്തം മണ്ണില്‍ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേര്‍ന്നപ്പോള്‍ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഈ ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചും ആവേശകരമാണ്. ഫൈനലിലെ നിര്‍ണ്ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വര്‍ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നതായി പിണറായി പറഞ്ഞു.

2026 ടി20 ലോകകപ്പിന്റെ താരമായി സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു. നിര്‍ണായക മത്സരങ്ങല്‍ലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സഞ്ജിലെ ലോകകപ്പിലെ താരമാക്കിയത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാം സ്വപ്നം പോലെ തോന്നുന്നുവെന്ന് സഞ്ജു വ്യക്തമാാക്കി. സഞ്ജുവിന്റെ വാക്കുകള്‍… ”ഇതൊരു സ്വപ്‌നം പോലെ തോന്നുന്നു. ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്‌നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.” സഞ്ജു പറഞ്ഞു.

”കഠിനാധ്വാനത്തിന് എനിക്ക് പ്രതിഫലം ലഭിച്ചു. ഒരുപാട് മുന്‍താരങ്ങള്‍ എന്നെ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന്‍ സാറുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ സമീപിക്കുകയും ഞങ്ങള്‍ തമ്മില്‍ വലിയ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് ചോദിക്കാനുള്ളത്?” സഞ്ജു വ്യക്തമാക്കി.

”എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണ്. ഇപ്പോള്‍ എനിക്ക് ഇത് ആസ്വദിക്കണം, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാം.” സഞ്ജു കൂട്ടിചേര്‍ത്തു. ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവും സഞ്ജു തന്നെയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.

 

 

 

---- facebook comment plugin here -----

Latest