India A team
സഞ്ജു പടനയിച്ചു; കിവികളെ തകര്‍ത്ത് ഇന്ത്യ എ ടീം
109 ബോള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചത്.

ചെന്നൈ | ബോളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച് ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് എ ടീമിനെ തകര്‍ത്ത് ഇന്ത്യ എ ടീം. 109 ബോള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചത്. 8.2 ഓവറില്‍ കേവലം 32 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ശര്‍ദുല്‍ ഠാക്കൂര്‍ ആണ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കിവികളുടെ ഇന്നിംഗ്‌സ് 40.2 ഓവറില്‍ 167 റണ്‍സില്‍ ഒതുങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 31.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്ത് വിജയിച്ചു. ന്യൂസീലാന്‍ഡ് ബാറ്റിംഗ് നിരയില്‍ മൈക്കല്‍ റിപ്പണ്‍ അര്‍ധ സെഞ്ചുറി (61) നേടി. ജോ വാക്കര്‍ പുറത്താകാതെ 36ഉം റോബര്‍ട്ട് ഒ ഡോണല്‍ 22ഉം റണ്‍സെടുത്തു. ഇന്ത്യയുടെ കുല്‍ദീപ് സെന്‍ ഏഴ് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടത്തു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ ഓപണര്‍ റുതുരാജ് ഗെയ്ക്വാദ് 41 റണ്‍സെടുത്തു. രജത് പട്ടീദാര്‍ പുറത്താകാതെ 45ഉം സഞ്ജു സാംസണ്‍ പുറത്താകാതെ 29ഉം രാഹുല്‍ ത്രിപാഠി 31ഉം റണ്‍സെടുത്തു.