From the print
ക്യാമ്പയിൻ അവസാന ലാപ്പിൽ; യൂനിറ്റുകൾ ഇന്ന് ലക്ഷ്യം പൂർത്തിയാക്കും
എല്ലാ യൂനിറ്റുകളിലും ടാര്‍ഗറ്റ് പൂർത്തിയാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാകും ഇന്ന് സംഘടനാകുടുംബം ഒറ്റക്കെട്ടായി യത്നിക്കുക
കോഴിക്കോട് | സമസ്ത സെന്റിനറി വർഷത്തിൽ “നൂറിന്റെ നിറവിൽ സമസ്തയോടൊപ്പം’ എന്ന ശീർഷകത്തിൽ നടക്കുന്ന സിറാജ് ക്യാമ്പയിൻ അവസാന ലാപ്പിൽ. എല്ലാ യൂനിറ്റുകളിലും ടാര്‍ഗറ്റ് പൂർത്തിയാക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാകും ഇന്ന് സംഘടനാകുടുംബം ഒറ്റക്കെട്ടായി യത്നിക്കുക. വിവിധ സ്‌ക്വാഡുകളായി വീടുകൾ കയറിയിറങ്ങി പുതിയ വാർഷിക വരിക്കാരെ കണ്ടെത്തിയും നിലവിലെ വരിക്കാരെ പുതുക്കിയും പദ്ധതി സമ്പൂർണമാക്കാൻ യൂനിറ്റ് സിറാജ് ടീം പൂർണസജ്ജമാണ്. സ്‌പോൺസർമാരെ കണ്ടെത്തി സ്‌കൂളുകളിലും മദ്റസകളിലും അക്ഷരദീപം പദ്ധതിയും പ്രചാരം നേടുന്നു. പ്രവാസികൾക്ക് ക്യാമ്പയിൻ പദ്ധതികളിൽ ചേരുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
ക്യാമ്പയിൻ ആരവം വിജയകരമായി പൂർത്തിയാക്കിയ യൂനിറ്റുകൾ, പ്രമുഖരെ വാർഷികവരിക്കാരായി ചേർത്ത് സിറാജ് വായനാസമൂഹത്തിന്റെ ഭാഗമാക്കാൻ പോയവാരം സ്‌ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയിരുന്നു. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും കയറിയിറങ്ങി വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് പ്രാസ്ഥാനിക കുടുംബം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. സാമൂഹിക, രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരെ വാർഷിക വരിക്കാരായി ചേർക്കുന്നതിലും യൂനിറ്റ് സിറാജ് ടീം മുന്നേറി.
ഫീൽഡ് പ്രവർത്തനങ്ങൾ ഈമാസം 15 വരെ നീണ്ടുനിൽക്കും. യൂനിറ്റുകൾ മത്സരബുദ്ധിയോടെയാണ് പുതിയ വരിക്കാരെ ചേർക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആശാവഹമായ പ്രതികരണമാണ് ഇന്നലെ വരെ ലഭിച്ചത്. വിവിധതലങ്ങളിലുള്ള സംഘടനാനേതാക്കളും താഴേത്തട്ടിലെ പ്രവർത്തകരും ഒറ്റമനസ്സോടെ പ്രസ്ഥാനത്തിന്റെ ജ്വാല കൂടുതൽ തിളക്കത്തോടെ പ്രകാശിപ്പിക്കാൻ വിവിധ പ്രചാരണരീതികളാണ് ഇത്തവണ ആവിഷ്‌കരിച്ചത്. അത്യാകർഷക സ്‌കീമുകളും വിലക്കുറവും പ്രഖ്യാപിച്ച് സാധാരണക്കാർക്ക് പ്രാപ്യമായ പദ്ധതികളാണ് ഈവര്‍ഷവും ക്യാമ്പയിനിൽ.
എസ് പി സി നേതൃയോഗം കാരന്തൂർ മർകസിൽ ചേർന്ന് ക്യാമ്പയിൻ പുരോഗതി വിലയിരുത്തി. സിറാജ് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, പടിക്കൽ അബ്ദുർറഹ്‍മാൻ, ജഅ്ഫറലി, ഉമർ മദനി സംബന്ധിച്ചു.
Content Highlights: The Siraj daily subscription campaign has reached its final lap as part of the Samastha centenary celebrations. Squads across units are actively visiting houses and commercial establishments to enroll new subscribers. State leaders reviewed the campaign progress at Karanthur Markaz.




