Connect with us

From the print

"എല്ലാ പാറ്റകളും ഒന്നിച്ചാൽ എന്ത് സംഭവിക്കും?' ഡൽഹി കാത്തിരിക്കുന്നു

നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഞാൻ ഭയപ്പെടാൻ പോകുന്നില്ല. പിന്നോട്ട് പോകുകയുമില്ല. നമ്മുടെ ജനാധിപത്യത്തെ നാം തന്നെ സംരക്ഷിക്കണം'-

Published

|

Last Updated

ബെംഗളൂരു | “അറസ്റ്റല്ല; നിങ്ങളുടെ സഹകരണം തേടുകയാണ്’- ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ കയറിയ പോലീസ് ഉദ്യോഗസ്ഥർ സി ജെ പി നേതാവ് അഭിജീത് ദിപ്കെയോട് പറഞ്ഞതിങ്ങനെ. എന്നാൽ, “അറസ്റ്റിന് വിധേയനാകാൻ തന്നെയാണ് ഞാൻ വന്നത്. അറസ്റ്റ് ചെയ്യൂ. നിങ്ങളെ എനിക്ക് പേടിയില്ല. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ട് നടപടിയിലേക്ക് കടന്നാൽ പോരേ?’- ഇതായിരുന്നു ദിപ്‌കെയുടെ നിലപാട്.
ഇതോടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ദിപ്‌കെ വിമാനത്തിനുള്ളിൽ വെച്ചുതന്നെ പോലീസ് കസ്റ്റഡിയിലായി. “പാറ്റകളെ’ സംഘടിപ്പിച്ച് രാജ്യം അടുത്ത കാലത്ത് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ദിപ്കെയെ സംബന്ധിച്ച് ഒന്നും അപ്രതീക്ഷിതമല്ല.
“എല്ലാ പാറ്റകളും ഒന്നിച്ചാൽ എന്ത് സംഭവിക്കും?’- തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ കഴിഞ്ഞ മേയിൽ ദിപ്‌കെ സാമൂഹിക മാധ്യമത്തിൽ ചോദിച്ച ചോദ്യത്തിന് രാജ്യത്തെ യുവാക്കൾ ഓരോ ദിവസവും കൂട്ടത്തോടെയെത്തി ഉത്തരം നൽകുന്നു. ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ പരിഹാസരൂപേണ ആരംഭിച്ച ഓൺലൈൻ പ്രസ്ഥാനം അതിവേഗം രാഷ്ട്രീയ ശക്തിയായി വളർന്നു.
വലിയ തെരുവ് പ്രതിഷേധങ്ങൾക്ക് പ്രസ്ഥാനം നേതൃത്വം നൽകി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജൂലൈയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കാൻ കഴിഞ്ഞത് കോക്രോച്ചുകൾക്ക് വിലയ ഊർജം നൽകി.
സാങ്കേതിക നഗരമായ ബെംഗളൂരുവിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ശേഷം മുംബൈ വഴി ഡൽഹിയിലെത്തിയപ്പോഴാണ് ദിപ്കെ പോലീസ് കസ്റ്റഡിയിലായത്. “നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഞാൻ ഭയപ്പെടാൻ പോകുന്നില്ല. പിന്നോട്ട് പോകുകയുമില്ല. നമ്മുടെ ജനാധിപത്യത്തെ നാം തന്നെ സംരക്ഷിക്കണം’- ഇന്നലെ ബെംഗളൂരുവിൽ നിന്ന് യാത്ര പുറപ്പെടും മുന്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ ദിപ്‌കെ പറയുന്നു. രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയധികം ഭയപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

അമേരിക്കയിൽ പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദിപ്‌കെ ഇന്ത്യയിൽ തിരിച്ചെത്തിയത്. “എല്ലാ പാറ്റകളും ഒന്നിച്ചാൽ എന്ത് സംഭവിക്കും’ എന്ന വൈറൽ പോസ്റ്റ് തനിക്ക് യഥാർഥവും അർഥവത്തുമായ പ്രവർത്തനങ്ങൾ നടത്താനുള്ള അവസരം നൽകിയെന്ന് അഭിജീത് ദിപ്കെ നേരത്തേ പറഞ്ഞിട്ടുണ്ട്.

Content Highlights: CJP leader Abhijit Dipke was detained by police inside an aircraft at Delhi airport. The movement, born from a viral response to a judicial remark, has grown into a major political force. Dipke and thousands of protesters are demanding the resignation of the Chief Election Commissioner.

---- facebook comment plugin here -----

Latest