Connect with us

flight protest

ശബരീനാഥിന്റെ ചാറ്റ് ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

തിരുവനന്തപുരം|  മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കണമെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്റെ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നടന്ന ചിന്തന്‍ ശിബിരിലെ പീഡന പരാതി ചോര്‍ന്നതും ഇവര്‍ വഴിയാണെന്നാണ് അന്വേഷണ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് നടപടി.

വാട്‌സ് ആപ്പ് ചാറ്റിന്റെ തെളിവിന്റെ അടിസ്ഥാനത്തില്‍ ശബരീനാഥിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കണമെന്ന ആവശ്യം ഗ്രൂപ്പില്‍ ആദ്യം പറഞ്ഞത് താനാണെന്ന് ശബരീനാഥന്‍ പിന്നീട് സമ്മതിച്ചിരുന്നു. മുഖ്യമന്ത്രി കയറിയ വിമാനത്തിനകത്ത് പ്രതിഷേധിക്കാന്‍ ശബരിനാഥന്‍ നിര്‍ദേശം നല്‍കുന്ന വാട്ട്സ്ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ രണ്ട് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായതില്‍ സംഘടനക്കുള്ളില്‍ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. ചില ഉന്നതരുടെ നിര്‍ദേശപ്രകാരമാണ് ഈ രണ്ട് നേതാക്കളെ മാത്രം സസ്പെന്‍ഡ് ചെയ്തത് എന്ന പരാതിയാണ് സംഘടന്ക്കുള്ളില്‍ നിന്നും ഉയരുന്നത്. യൂത്ത്‌കോണ്‍ഗ്രസില്‍ മുമ്പും ഇത്തരം ചോര്‍ച്ചകളുണ്ടായിട്ടുണ്ടെന്നും തങ്ങളുടെ കരുവാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും എന്‍ എസ് നുസൂര്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ നാളെ പ്രതികരിക്കുമെന്നും നുസൂര്‍ പറഞ്ഞു.

Latest