Connect with us

Kerala

ശബരില സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സി പി എം

15 ചേരുന്ന ജില്ലാ കമ്മിറ്റി നടപടി ചര്‍ച്ച ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | ശബരില സ്വര്‍ണക്കൊള്ള ആരോപണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. നടപടി ചര്‍ച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയതു പ്രകാരം 15ന് യോഗം ചേരും. ആറന്മുള മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എം എല്‍ എയും സി പി എം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പത്മകുമാര്‍ ജില്ലയിലെ സമുന്നതനായ നേതാവാണ്.

ആരോപണ വിധേയനായ ആളെ അച്ചടക്ക നടപടിക്കു വിധേയമാക്കാതിരുന്നത് പാര്‍ട്ടി സംവിധാനത്തിന്റെ വിശ്വാസ്യത തകരാന്‍ കാരണമായെന്നു തിരഞ്ഞെടുപ്പു റിവ്യൂ ചര്‍ച്ചകളില്‍ വ്യാപകമായി ഉയര്‍ന്നു വന്നിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുത്താന്‍ തട്ടിപ്പിലെ പ്രമുഖരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തും എന്നതിനാലാണ് നടപടി സ്വീകരിക്കാത്തതെന്ന പ്രചാരണം യു ഡി എഫ് തിരഞ്ഞെടുപ്പുകാലത്ത് നടത്തിയെങ്കിലും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താനായിരുന്നു തദ്ദേശ ഭരണ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. സ്വര്‍ണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയെങ്കിലും നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടിക്കു തയാറായത്.

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയിട്ടില്ലെന്നുമാണ് പത്മകുമാര്‍ നേരത്തെ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കിയത്. ദേവസ്വം ബോര്‍ഡിന്റെ മുന്നിലെത്തിയ രേഖകളില്‍ പിത്തള എന്നത് വെട്ടി ചെമ്പ് എന്ന് തിരുത്തിയത് മാത്രമാണ് തനിക്കെതിരെ എസ് ഐ ടിക്ക് കണ്ടെത്താനായതെന്ന് പത്മകുമാര്‍ വിശദീകരിച്ചിരുന്നു. യഥാര്‍ഥത്തില്‍ സ്വര്‍ണം പൂശിയത് ചെമ്പുപാളികളിലാണെന്നും അദ്ദേഹം വിശദീകരിച്ചു. ബോര്‍ഡ് രേഖകളില്‍ സാങ്കേതികമായി നടത്തിയ തിരുത്തല്‍ മാത്രമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. പ്രത്യേക അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അതില്‍ പ്രതിചേര്‍ക്കുകയും ചെയ്താല്‍ മാത്രമേ തന്റെ പേരില്‍ നടപടി സ്വീകരിക്കാവൂ എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്.

 

 

 

 

 

Latest