Connect with us

rss communal march

കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ആര്‍ എസ് എസ് പദ്ധതി; ആസൂത്രണം അതീവ രഹസ്യമായി

വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ ഹിന്ദു- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കൂന്ന ധ്രുവീകരണം വഴിയാണ് സംഘ രാഷ്ട്രീയം വളര്‍ന്ന് രാജ്യത്ത് അധികാരത്തിലെത്തിയത്.

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് വര്‍ഗീയകലാപം ലക്ഷ്യമിട്ട് ആര്‍ എസ് എസ് പദ്ധതി തയ്യാറാക്കുന്നു. തെരുവില്‍ കലാപം നടത്താതെ കേരളത്തില്‍ വേരൂന്നാന്‍ കഴിയില്ലെന്ന ഉന്നത നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് കരുക്കൾ നീക്കുന്നത്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മേല്‍ക്കൈ നേടാന്‍ പ്രയോഗിച്ച അതേ തന്ത്രം കേരളത്തിലും നടപ്പാക്കുകയാണു ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ടിനെ കളത്തിലിറക്കി ഹിന്ദു- മുസ്ലിം കൊലകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അനുമതിയില്ലാതെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ ബുധനാഴ്ച ദണ്ഡും കമ്പിവടിയുമായി മിന്നല്‍ ശക്തിപ്രകടനം നടത്താനുള്ള  ആര്‍ എസ് എസ് നീക്കം ഇതിന്റെ ഭാഗമാണെന്നാണു കരുതുന്നത്.
കലാപത്തിനുള്ള ഏതൊരു ശ്രമവും ശക്തമായി നേരിടണമെന്ന് ഡി ജി പി പൊലീസ് ജില്ലാ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസുകാര്‍ വരുന്ന വാഹനങ്ങള്‍ മുഴുവന്‍ നിരീക്ഷിക്കും. പ്രകടനം കാമറയിലും പകര്‍ത്തും. 142 കേന്ദ്രത്തില്‍ നടക്കുന്ന പരിപാടി രഹസ്യമായാണ് ആസൂത്രണം ചെയ്തത്. സ്ഥലം, പങ്കെടുക്കുന്നവര്‍, നേതാവ് എന്നിവ തീരുമാനിച്ചിട്ടുണ്ട്. ഈ വിവരമടക്കം പ്രകടനത്തിന് മണിക്കൂര്‍ മുമ്പു മാത്രമേ താഴേതട്ടിലെത്തൂ. വിവരം കൈമാറാന്‍ സോഷ്യല്‍ മീഡിയ, ഫോണ്‍ എന്നിവ ഉപയോഗിക്കുന്നില്ല. അപ്രതീക്ഷിത ശക്തിപ്രകടനത്തിലൂടെ എതിര്‍ചേരിയെ പ്രകോപിപ്പിക്കലാണ് ലക്ഷ്യം.

ചിലയിടങ്ങളില്‍ പ്രകടനം സന്ധ്യവരെ വൈകിപ്പിക്കാനും നീക്കമുണ്ട്. ബി ജെ പി നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകം അവസരമാക്കിയെടുത്താണ് ഈ നീക്കം. ഇത് വര്‍ഗീയകലാപത്തിന് വഴിവയ്ക്കുമെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. ഇതോടെ അതീവജാഗ്രത പാലിക്കാന്‍ പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. തൃശൂരില്‍ മാത്രം 22 കേന്ദ്രത്തില്‍ പ്രകടനം നടത്താനാണ് ആര്‍എസ്എസ് പദ്ധതി. തിരുവനന്തപുരത്ത് 21, പാലക്കാട്ട് 19 ആലപ്പുഴയില്‍ 12, മലപ്പുറത്ത് ഏഴ്, കണ്ണൂരില്‍ 11, കോഴിക്കോട്ട് ഒമ്പത് കേന്ദ്രങ്ങളിലുമാകും പ്രകടനം നടത്തുക.

വര്‍ഗീയ സംഘര്‍ഷങ്ങളിലൂടെ ഹിന്ദു- മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കൂന്ന ധ്രുവീകരണം വഴിയാണ് സംഘ രാഷ്ട്രീയം വളര്‍ന്ന് രാജ്യത്ത് അധികാരത്തിലെത്തിയത്. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് എണ്ണമറ്റ വര്‍ഗീയ കലാപങ്ങള്‍ക്കാണ് ആര്‍ എസ് എസ് നേതൃത്വം നല്‍കിയത്. ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ അഭയാര്‍ഥികളാക്കിയായിരുന്നു സംഘപരിവാര്‍ വിജയം ആഘോഷിച്ചത്. 2010 മുതലാണ്  ഗുജറാത്ത് മോഡല്‍ വംശഹത്യ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആര്‍ എസ് എസ് നേതൃത്വം സംഘപരിവാര്‍ സംഘടനകളിലൂടെ പരിശ്രമിക്കാന്‍ തുടങ്ങിയത്. അതിനായി രേഖാമൂലമല്ലാതെ ആര്‍ എസ് എസ് ചുമതലകള്‍ നിശ്ചയിച്ചു നല്‍കി. രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വര്‍ഗീയ കലാപങ്ങളുടെ കാര്യത്തില്‍ അവര്‍ ഏറെ മുന്നേറി.  2010ല്‍ ബി ജെ പി അധികാരത്തില്‍ എത്തിയതോടെ കര്‍ണാടകത്തില്‍ രാം സേന എന്ന പേരിലാണ് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചത്. 2010ല്‍ ഉത്തര്‍ പ്രദേശിലെ  ബറേലിയില്‍ ആരംഭിച്ച കലാപം നിരവധി തവണ ആവര്‍ത്തിച്ചു.

2013ല്‍ ഇന്ത്യയില്‍ നടന്ന 479 കലാപങ്ങളിലായി 66 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഉത്തര്‍ പ്രദേശില്‍ മുസാഫിര്‍പൂര്‍ ഉള്‍പ്പെടെ 93 സംഭവങ്ങളിലായി 20 മുസ്ലിംകള്‍ക്ക് ജീവന്‍ നഷ്ടമായി. നൂറു കണക്കിന് മുസ്ലിംകള്‍ ദീര്‍ഘ കാലം പുനരധിവാസ ക്യാമ്പുകളില്‍ കഴിഞ്ഞു. ബീഹാറില്‍ 40 സംഭവങ്ങളിലായി 9 മരണങ്ങള്‍, ഗുജറാത്തില്‍ 6 മരണം എന്നിവ രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ 100 സംഘര്‍ഷങ്ങളിലായി 3 ഹിന്ദുക്കളും 7 മുസ്ലിംകളും കൊല്ലപ്പെട്ടു. 2001 മുതല്‍ 2011 വരെ ഉള്ള കാലയളവില്‍ മഹാരാഷ്ട്രയില്‍ 1,192 ചെറുതും വലുതുമായ വര്‍ഗീയ കലാപങ്ങളിലായി കൊല്ലപെട്ടത് 172 പേരാണ്. ഉത്തര്‍ പ്രദേശിലാവട്ടെ 1112 കലാപങ്ങളില്‍ നഷ്ടമായത് 384 ജീവനുകളും. 2013 ല്‍ മുസാഫിര്‍ പൂരില്‍ നടന്ന കലാപത്തില്‍ 50,000 ല്‍ അധികം ആളുകളാണ് വാസസ്ഥലങ്ങളില്‍ നിന്നും പാലായനം ചെയ്തത്.
സ്വാതന്ത്ര്യാനന്തരമുള്ള വര്‍ഗീയ കലാപങ്ങളെല്ലാം ന്യൂനപക്ഷത്തെ ഉന്‍മൂലനം ചെയ്യാന്‍ ആര്‍ എസ് എസ് മുന്‍കൂട്ടിയുറപ്പിച്ച് നടപ്പിലാക്കിയതായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം രാജ്യത്തിന്റെ അധികാരം കൈപ്പിടിയിലൊതുക്കുന്നതിന് വേണ്ടി മതത്തേയും വിശ്വാസത്തെയും ഫലപ്രദമായി ഉപയോഗിച്ചു. ഗുജറാത്തില്‍ വംശഹത്യയിലൂടെ  2000ത്തിലേറെ മനുഷ്യര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക കണക്ക്. മറുഭാഗത്ത് പോപ്പുലര്‍ ഫ്രണ്ടും നിലയുറപ്പിക്കുന്നതോടെ വര്‍ഗീയ കലാപ മുക്തമായ കേരളം സംഘര്‍ഷത്തിലേക്കു വഴുതുമോ എന്ന ആശങ്ക ശക്തമാണ്.

Latest