Connect with us

book review

മരുഭൂമിയിൽ തെളിയുന്ന നദിയടയാളങ്ങൾ

ആധുനിക മനുഷ്യാവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നോവൽ പരോക്ഷമായി രേഖപ്പെടുത്തി വെക്കുന്നുണ്ട്. ഉന്നത ജീവിത സൗകര്യങ്ങൾ തേടിയെത്തിയവരുടെ ദുരന്തപൂർണമായ ജീവിതത്തിലേക്ക് അറിയാതെ പുസ്തകം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.

Published

|

Last Updated

അറേബ്യൻ നഗരങ്ങളിൽ കുടിയേറിപ്പാർത്തവരുടെ ഗൃഹാതുരമായ ഓർമകളും ധർമസങ്കടങ്ങളുമാണ് ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അടിമയെപ്പോലെ അധ്വാനിച്ച് ജീവിക്കുന്ന യുവാവിന്റെ ആത്മസംഘർഷങ്ങളും വിലാപങ്ങളുമാണ് നോവലിന്റെ പൊതു സ്വഭാവം. ചരിത്രത്തിന്റെ ക്ഷുഭിത ചലനങ്ങളിലൂടെ ധീരമായി നടന്നുനീങ്ങിയ സൂരജ് ഒരു പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി ജയിലഴികൾക്കുള്ളിൽ അകപ്പെടുന്നു.അയാളുടെ മോചനത്തിന് എത്തുന്നത് സമ്പന്നനും ഗൾഫിൽ ബിസിനസുകാരനുമായ സ്വന്തം അമ്മാവനാണ്.

അതോടെ അവന്റെ കലാലയ പഠനം മുടങ്ങിപ്പോകുന്നു. സൂരജിന്റെ പിൽക്കാല ജീവിതം അമ്മാവന് അടിമപ്പെട്ടുള്ളതാണ്. സമ്പത്ത് മാത്രം ലക്ഷ്യമാക്കിയുള്ള അയാളുടെ ജീവിതത്തിന് സൂരജിന്റെ പഠനമികവ് ഒരു അനിവാര്യഘടകമായി മാറുന്നു. താഴേത്തട്ടിലുള്ളവരുടെ മുഷിപ്പൻ ബാച്ച്‌ലർ ജീവിതമല്ല സൂരജിനു ലഭിക്കുന്നത്. അമ്മാവന്റെ ഔദാര്യത്താൽ അയാൾക്ക് ഫാമിലി സ്റ്റാറ്റസ് ലഭിക്കുന്നുണ്ട്. ഈ നോവലിനെ ഒരു മധ്യവർഗ കുടുംബ ജീവിതത്തിന്റെ പരിച്ഛേദം എന്ന് തന്നെ വിശേഷിപ്പിക്കാം.

കുടുംബത്തോടൊപ്പം ജീവിക്കാനുള്ള സൗഭാഗ്യം ലഭിക്കുന്നുണ്ടെങ്കിലും ജീവിതത്തിൽ ഒരിക്കലും അയാളിൽ സന്തോഷം നിറയുന്നില്ല.
മദ്യപിച്ചെത്തുന്ന അമ്മാവന്റെ വളർത്തുമകൻ ഒരു ത്രില്ലർ കഥയിലെന്ന പോലെ സൂരജിനു മുമ്പിൽ ഭീഷണിയായി വരുന്നതോടെ അയാളുടെ ചിന്തയിലും സ്വഭാവത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. നദിയുടെ അടയാളങ്ങളിൽ സൂരജ് കാണാതെപോകുന്ന തിരിച്ചറിവുകൾ അയാളുടെ തന്നെ നാശത്തിനു വഴിവെക്കുന്നു. ആത്മാവും ശരീരവും മരുഭൂമിയിൽ ഒരു ദുഃസ്വപ്നം പോലെ വാടിക്കരിയുന്നതാണ് നോവലിന്റെ ഇതിവൃത്തം.

ആധുനിക മനുഷ്യാവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും ഈ നോവൽ പരോക്ഷമായി രേഖപ്പെടുത്തി വെക്കുന്നുണ്ട്.
അമ്മാവന്റെ ഉടമസ്ഥതയിലുള്ള വലിയ ഇലക്ട്രോണിക് കടയിലാണ് സൂരജിന് ജോലി. അവിടെയെത്തുന്ന ഉപഭോക്താക്കളിലൂടെ ഉത്പന്ന വിപണിയുടെ പുതിയ ലോകം രചയിതാവ് വരച്ചുകാട്ടുന്നു.
നിസ്സാര കാരണങ്ങളുടെ പേരിലാണ് പല ഇടപാടുകാരും സൂരജിന്റെ കടയിൽ ബഹളം വെക്കുന്നത്. അവരെയെല്ലാം അനുനയിപ്പിക്കുന്നതിൽ അയാൾ ചിലപ്പോൾ വിജയിക്കുകയും മറ്റുചിലപ്പോൾ പരാജയപ്പെടുകയും ചെയ്യുന്നു. ഈ ഒരു പ്രക്രിയയിലൂടെ കമ്പോള സംസ്കാരത്തിന്റെ ദുഷിച്ച മുഖം അനാവൃതമാകുന്നു.

ഇറാഖിന്റെ ആകാശങ്ങളിൽ ഉരുണ്ടുകൂടിയ യുദ്ധ പുകച്ചുരുളുകളിൽ ചിതറിപ്പോയ ജനതയുടെ ദയനീയ മുഖവും നോവലിൽ ചേർത്തുവെക്കുന്നുണ്ട്. കുറഞ്ഞ ദിവസത്തിനുള്ളിൽ പ്രവർത്തനരഹിതമായി പോയി എന്ന കാരണത്താൽ മാർബിൾ തറയിൽ എറിഞ്ഞുടയ്ക്കുന്ന വാച്ച് വെറുമൊരു ഉപഭോക്താവിന്റെ രോഷപ്രകടനം മാത്രമല്ല അതിൽ മൂല്യങ്ങൾ നഷ്ടപ്പെട്ടതിന്റെ സങ്കടം കൂടിയുണ്ട്.
ടെലിവിഷനിൽ യുദ്ധ വാർത്തകൾ കേൾക്കുന്നതിനിടയിലാണ് അയാളുടെ ധർമ രോഷം.
ഇറാഖ് അധിനിവേശം പൊതു മണ്ഡലത്തിൽ സൃഷ്‌ടിച്ച അഗാധമായ മുറിവുകളും സന്ദേഹങ്ങളും നോവലിന്റെ ഘടനയെ തകിടം മറിക്കാത്ത വിധത്തിലാണ് ബഷീർ സന്നിവേശിപ്പിക്കുന്നത്. സോവിയറ്റ് യൂനിയന്റെ തകർച്ചയെ തുടർന്ന് റഷ്യൻ ജീവിതരീതിക്ക് വന്ന മാറ്റത്തെ ഏതാനും കഥാപാത്രങ്ങളിലൂടെ നോവൽ വിശദീകരിച്ചു തരുന്നു.

അറബ് സംസ്കൃതിയുടെ വൈവിധ്യമാർന്ന മുഖങ്ങൾ നോവലിൽ മിന്നിമറയുന്നുണ്ട്. വിഷാദ രോഗത്തിന് അടിമപ്പെട്ടവരുടെ ആത്മഹത്യകൾ, കൊലപാതകങ്ങൾ, ബിസിനസ് പരാജിതരുടെ തിരോധാനം എന്നീ ഘടകങ്ങളെല്ലാം നോവലിൽ ഉൾച്ചേർന്നിരിക്കുന്നു.
പഠനകാലം സമ്മാനിച്ച വിപ്ലവബോധം സൂരജിനെ വ്യാകുലപ്പെടുത്തുകയും പുതുക്കി പ്പണിയുകയും ചെയ്യുന്നുണ്ട്. എന്നാൽ തന്നെയും മധ്യവർഗ വിഭാഗത്തിന്റെ താത്പര്യങ്ങളാണ് അയാളെ മുന്നോട്ടു നയിക്കുന്നത് എന്ന് കാണാം.
കൗമാരത്തിലെ ജ്വലിക്കുന്ന ഓർമകൾക്ക് പോലും ആ താത്പര്യങ്ങളെ കീഴ്പ്പെടുത്താനാകുന്നില്ല. നിരപരാധികളെ കൊന്നൊടുക്കിയ പോലീസ് ക്യാമ്പുകൾ ലക്ഷ്യം വെച്ച് നീങ്ങിയ ഒരു ഭൂതകാലം സൂരജിന് മുന്നിൽ നിവർന്നു കിടപ്പുണ്ട്. ലക്ഷ്യം കാണാതെ അത് തകർന്നടിഞ്ഞതിനെത്തുടർന്നാണ് അയാൾ നാടുവിടാൻ നിർബന്ധിതനായത്.
അറേബ്യൻ മണലാരണ്യത്തിലൂടെയുള്ള സൂരജിന്റെ യാത്രകളിൽ പല ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മനുഷ്യരുടെ വൈവിധ്യപൂർണവും രസകരവുമായ ജീവിതങ്ങളെയും നോവൽ ഒപ്പിയെടുക്കുന്നു.

ഉന്നത ജീവിത സൗകര്യങ്ങൾ തേടിയെത്തിയവരുടെ ദുരന്തപൂർണമായ ജീവിതത്തിലേക്ക് അറിയാതെ ഈ നോവൽ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഹൃദയത്തോട് ചേർന്ന് നിന്നവരുടെ ദുരൂഹ മരണങ്ങൾ സങ്കടകരമാം വിധം തുടർക്കഥയായി മാറുന്നുണ്ട്.
പ്രവാസം ബാഹ്യമായ മോടിപിടിപ്പിക്കലിനു വേണ്ടിയുള്ള ഒരു മത്സരയോട്ടമാണ്. ആ ഓട്ടത്തിൽ നിന്നു കുതറിമാറാനുള്ള ശ്രമമാണ് സൂരജിന്റെ ജീവിതം. അയാൾ തനിക്കു വീണുകിട്ടിയ സൗഭാഗ്യങ്ങൾ നേടിയ സ്ഥലത്തുതന്നെ ഉപേക്ഷിച്ചുകൊണ്ട് കുന്നു കയറിപ്പോകുന്നത്തോടെ നോവൽ അവസാനിക്കുന്നു.

“മനുഷ്യകുലത്തിന്റെ ജ്ഞാനമെല്ലാം ഒളിച്ചിരിക്കുന്നത് കാൽപ്പാദങ്ങളിലാണ്. ശരീരം അവയോടു നമ്മൾ ആരാണെന്നും ഈ ഭൂമിയുമായി നമുക്കുള്ള ബന്ധം എന്തെന്നും ഉള്ള അവബോധം എത്തിക്കുന്നു. ഭൂമിയെ സ്പർശിക്കുന്ന ശരീര ഭാഗത്തിലെ ഈ ബിന്ദുവിൽ ആണ് എല്ലാ നിഗൂഢതകളും അടങ്ങിയിരിക്കുന്നത്’. കുന്നുകയറി പോകുന്ന സൂരജിനെ വായിക്കുമ്പോൾ ഓൾഗ ടോകാർ ചുക്കിന്റെ പ്രസിദ്ധമായ ഈ വരികളും ഓർത്തുപോകുന്നു.

“നദിയുടെ അടയാളങ്ങൾ’ ഒരു ഭേദപ്പെട്ട കലാസൃഷ്ടിയായി മാറുന്നത് തീർച്ചയായും നോവൽ മുന്നോട്ടുവെക്കുന്ന മാനവ ദർശനവും പ്രകൃതി ബോധവും തന്നെയാണ്. പ്രകൃതിയിലെ അനേകം ചെറുജീവികൾ ബഷീറിന്റെ ഈ കൊച്ചു നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മരുഭൂമിയിൽ അകപ്പെട്ടവന്റെ കണ്ണീരും വേദനകളും പരന്നൊഴുകുന്ന മണ്ണിൽ പ്രതീക്ഷയുടെ അടയാളമായി ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങളെ ചേർത്തുവായിക്കാം. പ്രസാധകർ: കറന്റ് ബുക്സ് തൃശൂർ. വില 150 രൂപ.

hamza532@gmail.com

Latest