Connect with us

National

മഹാരാഷ്ട്രയില്‍ വിമതനീക്കം; ഉദ്ധവ് താക്കറെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍; സര്‍ക്കാര്‍ രൂപവത്കരണത്തിന് ബിജെപി

താക്കറെ സര്‍ക്കാരിലെ മന്ത്രിയും ശിവസേനയുടെ ഉന്നത നേതാവുമായ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരുമടക്കം 22 പേര്‍ വിമതപക്ഷത്തേക്ക് തിരിഞ്ഞു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സര്‍ക്കാറിന് പ്രതിസന്ധി സൃഷ്ടിച്ച് വിമതനീക്കം. താക്കറെ സര്‍ക്കാരിലെ മന്ത്രിയും ശിവസേനയുടെ ഉന്നത നേതാവുമായ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംഎല്‍എമാരുമടക്കം 22 പേര്‍ വിമതപക്ഷത്തേക്ക് തിരിഞ്ഞു. ഷിന്‍ഡയും സംഘവും ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്ര വിട്ട് ഗുജറത്തില്‍ എത്തി. സൂറത്തിലെ ലെ മെറിഡിയന്‍ ഹോട്ടലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഉദ്ദവ് താക്കറേക്കോ മറ്റു ശിവസേനാ നേതാക്കള്‍ക്കോ ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

22 ശിവസേന എംഎല്‍എമാരാണ് ഗുജറാത്തിലെ ഹോട്ടലില്‍ താമസിക്കുന്നതെന്നും അതില്‍ അഞ്ച് പേര്‍ മന്ത്രിമാരാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ശിവസേനയുടെ ശക്തരായ നേതാക്കളില്‍ ഒരാളാണ് ഏകനാഥ് ഷിന്‍ഡെ. സംസ്ഥാനത്ത് സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നീക്കം ഉദ്ധവ് താക്കറെ സര്‍ക്കാരിന് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

മധ്യപ്രദേശിലും രാജസ്ഥാനിലും സംഭവിച്ചതുപോലെ, ബിജെപിയുടെ നേതൃത്വത്തില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാര്‍ട്ടിയാണെന്നും ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. സൂറത്തില്‍ താമസിക്കുന്ന ചില എംഎല്‍എമാരുമായി സംസാരിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നു, പക്ഷേ അവരെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, മഹാരാഷ്ട്രയിലെ വിമതരെ ഒപ്പംകൂട്ടി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. തങ്ങള്‍ക്ക് 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. സേന എംഎല്‍എമാരെ അഹമ്മദാബാദിലേക്ക് മാറ്റിയേക്കുമെന്നും അവിടെ അവര്‍ ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ അടങ്ങിയ മഹാ വികാസ് അഘാഡി സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാവി തികച്ചും സുരക്ഷിതമാണെന്ന് എന്‍സിപി വക്താവ് മഹേഷ് തപ്സി പറഞ്ഞു.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ശിവസേന-എൻസിപി സഖ്യത്തിന് 153 എംഎൽഎമാരും ബിജെപിക്ക് 106 എംഎൽഎമാരുമാണുള്ളത്. 144 എംഎൽഎമാരാണ് സർക്കാർ രൂപവത്കരണത്തിന് വേണ്ടത്. നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് 135 എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്.