ആത്മായനം
നാളേക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ്
നമ്മുടെ വിനിമയങ്ങൾ നന്മകൾക്ക് കാരണമാകുകയില്ലെങ്കിൽ ഈ സമ്പാദ്യങ്ങൾ നമുക്കെന്താണ് നേടിത്തരിക കൂട്ടരേ !? നമ്മുടെ സമ്പത്ത് ദുർവിനിയോഗത്തിനിടയായിക്കൂടാ, നാളേക്കുള്ള കരുതിവെപ്പാണ് വേണ്ടത്.
മനുഷ്യരിൽ പലർക്കും അല്ലാഹു വലിയ സമ്പാദ്യങ്ങൾ നൽകി. മേത്തരം വീടും വാഹനവും വസ്ത്രവും തൊഴിലും ജീവിത നിലവാരവും അങ്ങനെ തുടങ്ങി അനുഗ്രഹങ്ങളേറെ അവർ അനുഭവിക്കുന്നു. ഇതുകൊണ്ടൊക്കെയെന്ത് നേടാനാകും? ഉറപ്പ് സ്വർഗം തന്നെ നേടാനാകും!. സുലൈമാൻ നബി(അ)യെ പോലെ, അബൂബക്കർ സിദ്ധീഖ്(റ) നെ പോലെ, ഔസുൽ അഅ്ളം ശൈഖ് ജീലാനി(ഖ:സി)യെ പോലെ.
ചിലരോ, അവർ കത്തിയാളുന്ന നരക തീയാണ് നേടുക, ഖാറൂൻ മുതലാളിയെ പോലെ. ഭൗതിക ലോകത്തെ ഐശ്വര്യങ്ങളും പ്രതാപങ്ങളും ആത്മീയതക്കായി ഉപയോഗപ്പെടുത്തിയവരാണ് ജയിച്ചു കയറിയത്. അതിനെ ഭൗതികാലോചനകളിൽ മാത്രം തളച്ചവർ തോറ്റു പോയി. കാരണം ആ അലോചന നശ്വരമായിരുന്നു, ക്ഷണികമായിരുന്നു. പൈശാചിക ദുർബോധനങ്ങളാൽ ദുർബല ചിത്തരായ അവർ ദേഹേച്ഛകളുടെ ചങ്ങലകളിൽ കുരുങ്ങിപ്പോയി. ലൗകികതയുടെ പുറംമോടി അവരെ വഞ്ചിച്ചു കളഞ്ഞു.
കൂട്ടരേ… ഐശ്വര്യങ്ങളെ ആസ്വദിക്കുമ്പോഴും അതിൽ നിന്നൊക്കെയും നാളേക്കുള്ള കരുതിവെപ്പുകൾ ഇൻവെസ്റ്റ് ചെയ്ത് കൊണ്ടിരിക്കണം. ധനവിനിയോഗവും ക്രയവിക്രയങ്ങളും അനുവദനീയവും പ്രതിഫലാർഹവുമായ രീതിയിലായിരിക്കണം. അല്ലാത്തതൊക്കെയും നിരർഥകതയെയും ദൂരവ്യാപക പ്രത്യാഘാതങ്ങളെയുമാണുണ്ടാക്കുന്നത്.
മൂസാ നബി(അ) ക്കരികെ ഒരു മനുഷ്യൻ വന്നു. ദരിദ്രനായിരുന്നയാൾ, സുകൃതങ്ങൾ ചെയ്ത് സദ്്വൃത്തനായി കഴിഞ്ഞ അദ്ദേഹത്തിന് ഭൗതിക വിഭവങ്ങളോടൊരു കൊതി. അത് ഖലീമുല്ലാഹി (അ)യോട് പങ്ക് വെച്ചു. തനിക്ക് ഭൗതികൈശ്വര്യങ്ങൾ വരാൻ പ്രാർഥിക്കണമെന്നാവശ്യപ്പെട്ടു. നബി പ്രാർഥിച്ചു, ഫലമുണ്ടായി. വൈകാതെ അയാൾ സമ്പന്നനായി. പെരുകിയ സമ്പത്ത് അയാളെ അഹംഭാവിയും ധിക്കാരിയുമാക്കി. ഒടുക്കം അതിന്റെയെല്ലാം തിക്തഫലം അയാൾ രുചിച്ചറിഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പാഠമായി ഭൂമി വിഴുങ്ങിക്കളഞ്ഞ ഖാറൂൻ മുതലാളിയെ വിശുദ്ധ ഖുർആൻ സൂറ: ഖസ്വസ്വിൽ ഉറക്കെ തുറന്നുകാട്ടിയിട്ടുണ്ട്.
“അല്ലാഹു നിനക്ക് നൽകിയ അനുഗ്രഹങ്ങളിൽ പാരത്രിക ഗുണം നീ ആഗ്രഹിക്കുക. ഭൗതിക ലോകത്ത് നിനക്കുള്ള വിഹിതം നീ വിസ്‌മരിക്കരുത്. അല്ലാഹു നിനക്ക് ഗുണം നൽകിയതുപോലെ നീ ജനങ്ങൾക്ക് ഗുണം ചെയ്യുക. ഭൂമിയിൽ നാശം ആഗ്രഹിക്കരുത്. നിശ്ചയം, അല്ലാഹു നാശകാരികളെ ഇഷ്ടപ്പെടുകയില്ല’ (സൂറ: അൽ ഖസ്വസ്വ് 77) എന്ന ഉപദേശത്തെ ഉൾക്കൊള്ളാൻ അയാൾ തയ്യാറായില്ല. പണം ധൂർത്തടിച്ച് പാവങ്ങളെ ചൂഷണം ചെയ്ത് അക്രമങ്ങളുടെ മുമ്പിൽ നിന്ന് സാത്വികരെ അപമാനിച്ച് സ്വയം നാശത്തിന്റെ പടുകുഴി നിർമിച്ചുകൊണ്ടിരിക്കുകയായിരുന്നു അയാൾ. സമ്പത്ത് വന്ന വഴി അയാൾ മറന്നു. നന്ദിബോധത്തിന് പകരം ധിക്കാരം പ്രവർത്തിച്ചു. അവസാനം ഒന്നും ബാക്കിയാകാത്തവിധം അയാളും സമ്പാദ്യങ്ങളും നാമാവശേഷമായി.
സഹൃദയരേ…, ഖാറൂൻ സംഭവം നമുക്ക് വലിയ പാഠമാണ്. അനുഗ്രഹങ്ങളെ എങ്ങനെ സമീപിക്കണമെന്നതിന്റെ പാഠം. അല്ലാഹുവിന്റെ അനുഗ്രഹമായി നമുക്ക് ലഭിച്ച സമ്പത്ത് ചെലവഴിക്കുന്നത് നന്ദിപൂർവമായിരിക്കണം. അതുവഴി ഭൗതിക നേട്ടങ്ങൾക്കുപരി ആഖിറ നേട്ടങ്ങൾ കൈവരിക്കണം. ഭൗതിക വിഭവങ്ങൾ ആസ്വദിക്കുന്നത് അനുവദനീയമാണ്. പരിധികളുണ്ടെന്ന് മാത്രം. സ്വന്തം സുഖത്തോടൊപ്പം സമ്പാദ്യ ലക്ഷ്യം ജനക്ഷേമം കൂടിയാകണം. ഏത് വഴിയിലൂടെ എങ്ങനെയെങ്കിലും സമ്പാദിച്ചാൽ മതിയെന്ന രീതി ശരിയല്ല. അനുവദനീയമല്ലാത്ത ഏത് മാർഗത്തിലൂടെ നേടിയതും നിഷിദ്ധ സമ്പാദ്യമാണ്.
അതുകൊണ്ട് വാങ്ങുന്നതെല്ലാം നിഷിദ്ധമായ വിഭവങ്ങൾ. ജീവിതം മുഴുക്കെ മലിനമാക്കപ്പെടുന്ന ദുര്യോഗമാണ് അതുവഴി സംഭവിക്കുന്നത്. കൂട്ടരേ, സമ്പാദിക്കുന്നതിന് എത്രയധികം അധ്വാനവും സമയവും നമ്മൾ ചെലവാക്കുന്നു.? എത്ര റിസ്കുകൾ എടുക്കുന്നു.? അതിന്റെയൊന്നും അനുകൂല കർമഫലം ആഖിറത്തിലില്ലെങ്കിൽ എത്ര ദയനീയമാകുമത് ?!
അപ്പോൾ വിരൽ കടിച്ചിട്ടെന്ത് കാര്യം?? നാം റീച്ചാർജ് ചെയ്യുന്നത് നിഷിദ്ധമായത് കേൾക്കാനും കാണാനുമാണെങ്കിൽ, നമ്മൾ ചെലവഴിക്കുന്നത് കുട്ടികൾക്ക് സമയനഷ്ടവും അനാരോഗ്യവുമുണ്ടാക്കുന്നതാണെങ്കിൽ, നമ്മുടെ വിനിമയങ്ങൾ നന്മകൾക്ക് കാരണമാകുകയില്ലെങ്കിൽ ഈ സമ്പാദ്യങ്ങൾ നമുക്കെന്താണ് നേടിത്തരിക കൂട്ടരേ !? നമ്മുടെ സമ്പത്ത് ദുർവിനിയോഗത്തിനിടയായിക്കൂടാ, നാളേക്കുള്ള കരുതിവെപ്പാണ് വേണ്ടത്.
Content Highlights:
Wealth and resources are divine blessings intended for spiritual investment and helping others, not worldly arrogance. The Quranic narrative of Qarun serves as a timeless reminder against exploitation and forbidden earnings. Believers must ensure their material assets yield everlasting success.

