National
ഗ്യാനേഷ് കുമാറിന്റെ രാജി: നാലാം ദിനവും ഇന്‍ഡ്യ സഖ്യം മുന്നോട്ട്; ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് ഇന്നും അതീവ സുരക്ഷയിലാണ് ഡല്‍ഹി
ന്യൂഡല്‍ഹി| മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും ഡല്‍ഹിയെ സ്തംഭിപ്പിക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇന്ന് ഇന്‍ഡ്യാ സഖ്യം രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്കുശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ പ്രതിപക്ഷ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഇന്‍ഡ്യാ സഖ്യം മാര്‍ച്ച് തീരുമാനിച്ചത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണം അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് നല്‍കാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കില്‍ വൈകിട്ട് മൂന്ന് മണിയോടെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ സമ്മേളിച്ച് അവിടെ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.
ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ആദ്യ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിട്ടത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കി ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയുമാണ് ചെയ്തത്.
പ്രതിഷേധങ്ങള്‍ മുന്നില്‍കണ്ട് അതീവ സുരക്ഷയിലാണ് ഡല്‍ഹി. തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ മുഴുവന്‍ സമയ നിരീക്ഷണം ശക്തമാക്കി. മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ഇന്ന് മാര്‍ച്ചിന്റെ ഭാഗമാകും.
കോക്രോച്ച് ജനതാ പാര്‍ട്ടിയും നാളെ ഡല്‍ഹിയിലെത്തും. അതേസമയം, പ്രതിഷേധത്തിന് പോലീസ് അനുമതി ലഭിച്ചിട്ടില്ല. മറ്റുനഗരങ്ങളില്‍ പ്രതിഷേധത്തിന് അനുമതി ലഭിച്ചെന്നും ഡല്‍ഹിയിലെ പ്രതിഷേധത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്തുകൊണ്ട് അനുമതി നല്‍കുന്നില്ലെന്നും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെ ചോദിച്ചിരുന്നു.
Content Highlights:
The INDIA bloc is intensifying protests demanding Chief Election Commissioner Gyanesh Kumar resignation with a planned march to Rashtrapati Bhavan. Opposition MPs led by Rahul Gandhi will lead the delegation, with Mamata Banerjee also joining. Security has been heightened across sensitive Delhi zones.


