National
മാസപ്പടി വിവാദത്തില്‍ പിണറായിക്ക് തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി
എഫ്‌ഐആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി
കൊച്ചി | സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഹൈക്കോടതി . ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എഫ്‌ഐആര്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി വ്യക്തമാക്കി
ഗുരുതര കുറ്റകൃത്യങ്ങള്‍ അടങ്ങിയ കത്താണ് ഇഡിയുടെതെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഹരജിക്കാരനായ അഡ്വ. കെ എം ഷാജഹാന്‍ കോടതിയില്‍ വാദിച്ചത്. അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കി ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമപ്രശ്നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഇതിനായി ഇഡി ഡിജിപിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേ സമയം, ഹരജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്. ഇഡിയുടെ വിവര ലഭ്യതയില്‍ ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും, ഇത് സംബന്ധിച്ച് വ്യക്തമായ സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം കൈമാറിയ വിവരങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിയമപരമായ ബാധ്യതയുണ്ടെന്നും, സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി കോടതിയില്‍ നിലപാടെടുത്തു
മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ
Content Highlights: The Kerala High Court ruled that a case under the Prevention of Corruption Act can be registered against Pinarayi Vijayan, Veena Vijayan, and PA Mohammed Riyas in the CMRL-Exalogic payoff issue. The court held that police can register an FIR directly based on ED’s letter without a preliminary probe.

