Kerala
കണ്ണ് തുടിപ്പ് വെറും ക്ഷീണമല്ല; അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍
ഇത്തരം തുടിപ്പുകള്‍ സ്വാഭാവികമായി മാറുമെങ്കിലും, നീണ്ടുനില്‍ക്കുന്ന അവസ്ഥകള്‍ കൃത്യമായ പരിശോധന അര്‍ഹിക്കുന്നതാണെന്ന് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗം വിദഗ്ദ്ധ ഡോ ശുഭ കുര്യന്‍
അങ്കമാലി | ദൈനംദിന ജീവിതത്തില്‍ പലരും അനുഭവിക്കുന്നതും സാധാരണയായി അവഗണിച്ചു തള്ളുന്നതുമായ കണ്‍പോളകളുടെ തുടിപ്പ് നിസ്സാരമായി കാണരുതെന്ന് നേത്രരോഗ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മിക്കപ്പോഴും ഇത്തരം തുടിപ്പുകള്‍ സ്വാഭാവികമായി മാറുമെങ്കിലും, നീണ്ടുനില്‍ക്കുന്ന അവസ്ഥകള്‍ കൃത്യമായ പരിശോധന അര്‍ഹിക്കുന്നതാണെന്ന് അങ്കമാലി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഒഫ്താല്‍മോളജി വിഭാഗം വിദഗ്ദ്ധ ഡോ ശുഭ കുര്യന്‍ വ്യക്തമാക്കുന്നു.
വൈദ്യശാസ്ത്രത്തില്‍ ഐലിഡ് മയോക്കീമിയ എന്നറിയപ്പെടുന്ന ഈ അവസ്ഥ കണ്‍പോളകള്‍ക്ക് ചുറ്റുമുള്ള പേശികളുടെ അനിയന്ത്രിതമായ സങ്കോചം മൂലമാണ് ഉണ്ടാകുന്നത്. സാധാരണയായി ഒരു കണ്ണിനെ, പ്രത്യേകിച്ച് താഴത്തെ കണ്‍പോളയെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ആധുനിക ജീവിതശൈലിയിലെ ചില ശീലങ്ങളാണ് കണ്ണ് തുടിക്കുന്നതിന്റെ പ്രധാന കാരണമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. കൃത്യമായ ഉറക്കം ലഭിക്കാത്തതും അമിത ക്ഷീണവും ഇതിന് വഴിവെക്കുന്നു. കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട്ഫോണുകളുടെയും തുടര്‍ച്ചയായ ഉപയോഗം കണ്ണിന് ആയാസവും വരള്‍ച്ചയും ഉണ്ടാക്കുന്നു. ഉയര്‍ന്ന തോതിലുള്ള മാനസിക സമ്മര്‍ദ്ദം പേശികളുടെ സങ്കോചത്തിന് കാരണമാകുന്നു. ചായ, കാപ്പി തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം കണ്‍പോളകളുടെ തുടിപ്പിന് പ്രധാന പ്രേരകമാണ്.
സാധാരണയുള്ള കണ്ണ് തുടിപ്പുകള്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ ഉള്ളില്‍ തനിയെ ഭേദമാകാറുണ്ട്. എന്നാല്‍ തുടിപ്പ് ആഴ്ചകളോളം നീണ്ടുനില്‍ക്കുക, കണ്‍പോള പൂര്‍ണ്ണമായി അടഞ്ഞുപോകുന്ന അവസ്ഥയുണ്ടാവുക, തുടിപ്പ് മുഖത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുക, കണ്‍പോളകള്‍ താഴേക്ക് തൂങ്ങുക തുടങ്ങിയ കാര്യങ്ങളുണ്ടായാല്‍ വിദഗ്ദ്ധ നേത്രപരിശോധന അനിവാര്യമാണ്. തുടര്‍ച്ചയായ ഇത്തരം ലക്ഷണങ്ങള്‍ പേശികളെ ബാധിക്കുന്ന ബെനൈന്‍ എസന്‍ഷ്യല്‍ ബ്ലെഫറോസ്പാസം, ഹെമിഫേഷ്യല്‍ സ്പാസം തുടങ്ങിയ ന്യൂറോളജിക്കല്‍ അല്ലെങ്കില്‍ നേത്രസംബന്ധമായ മറ്റ് പ്രശ്‌നങ്ങളുടെ സൂചനയാകാമെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.


