Connect with us

National

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്: ബി ജെ പിയും ശിരോമണി അകാലിദളും സഖ്യം പ്രഖ്യാപിച്ചു

ശിരോമണി അകാലിദളിനെ എന്‍ഡിഎയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

Published

|

Last Updated

പഞ്ചാബ്| വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മത്സരിക്കാനൊരുങ്ങി ബി ജെ പിയും ശിരോമണി അകാലിദളും. ഇരുപാര്‍ട്ടികളും വീണ്ടും സഖ്യം പ്രഖ്യാപിച്ചു. എന്‍ഡിഎയുടെ ഏറ്റവും പഴയ സഖ്യകക്ഷി തിരിച്ചെത്തിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശിരോമണി അകാലിദളിനെ എന്‍ഡിഎയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

അകാലിദള്‍-ബിജെപി സഖ്യം പഞ്ചാബിന്റെ പുരോഗതിക്ക് അനിവാര്യമാണെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും മോദി പ്രതികരിച്ചു. ഗുരുനാനാക്ക് ജയന്തി ദിനത്തിലെ സഖ്യത്തിന്റെ തിരിച്ചുവരവ് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ സന്തോഷമുള്ള ദിവസമാണെന്ന് അമിത് ഷായും പറഞ്ഞു. ശിരോമണി അകാലിദള്‍ ഇല്ലാതെ എന്‍ഡിഎ പൂര്‍ണമാകില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബിനെ ലഹരിമുക്തമാക്കുന്നതിനായിരിക്കും സഖ്യത്തിന്റെ പ്രധാന പരിഗണനയെന്ന് അമിത് ഷാ വ്യക്തമാക്കി. 2029 ഡിസംബര്‍ 31നകം പഞ്ചാബിനെ ലഹരിമുക്തമാക്കുകയാണ് ലക്ഷ്യം. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അഴിമതി തുടച്ചുനീക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി-അകാലിദള്‍ സഖ്യം വിജയിച്ചാല്‍ മുഖ്യമന്ത്രി ശിരോമണി അകാലിദളില്‍ നിന്നായിരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. സുഖ്ബീര്‍ സിങ് ബാദല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

പഞ്ചാബിന്റെ വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്നും വികസിത പഞ്ചാബ് എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ പറഞ്ഞു. ഇത് കേവലം രാഷ്ട്രീയ സഖ്യമല്ലെന്നും പഞ്ചാബിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയാണെന്നും ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ പ്രതികരിച്ചു.

പഞ്ചാബിനെ രക്ഷിക്കാനാണ് വീണ്ടും ഒന്നിക്കുന്നതെന്ന് വ്യക്തമാക്കിയ ബാദല്‍, കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്ത് ഗുണ്ടാരാജും ലഹരിക്കടത്തും വര്‍ധിച്ചുവെന്നും ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പഞ്ചാബിനെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: BJP and Shiromani Akali Dal have announced the revival of their alliance to contest the upcoming Punjab assembly elections jointly. Leaders pledged to make Punjab drug-free by December 31, 2029, while criticizing AAP and Congress. Indications point toward an Akali Dal leader as chief ministerial face if the alliance wins.

---- facebook comment plugin here -----

Latest