Kerala
പി വി അന്‍വര്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയാകും; ഘടകകക്ഷിയാക്കിയാല്‍ യു ഡി എഫിനൊപ്പമെന്ന്
ഘടകകക്ഷിയാക്കിയാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്തിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് തൃണമൂൽ നേതാക്കൾ

നിലമ്പൂര്‍ | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എ. പി വി അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നു. എന്നാല്‍ യു ഡി എഫ് മുന്‍കൈയെടുത്ത് ഘടകകക്ഷിയാക്കിയാല്‍ ഉപതിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് തൃണമൂല്‍ പിന്മാറുമെന്ന് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പി വി അന്‍വറിനെ തന്നെ മത്സരിപ്പിക്കാനായിരുന്നു യോഗ തീരുമാനം.
യു ഡി എഫിന്റെ ഘടകകക്ഷിയാക്കിയാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്തിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും നാളെ സംസ്ഥാന കമ്മിറ്റി ചേരുമെന്നും അതിന് മുമ്പ് യു ഡി എഫ് ചര്‍ച്ച ചെയ്യട്ടേയെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു.
മൂന്നാം തവണയാണ് നിലമ്പൂരില്‍ നിന്ന് പി വി അന്‍വര്‍ ജനവിധി തേടാനിറങ്ങുന്നത്.