Connect with us

തെളിയോളം

ഞാൻ പറഞ്ഞില്ലെങ്കിൽ നിങ്ങളെന്തു ചെയ്യും?!

നമ്മുടെ മേശപ്പുറത്ത് പേപ്പറുകളും പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം കൂടി കിടന്നാൽ അത് ക്രിയേറ്റിവിറ്റിയാണ്. മറ്റൊരാളുടെ മേശ അങ്ങനെ കണ്ടാൽ അത് അച്ചടക്കമില്ലായ്മയാണ്. സ്വന്തം തെറ്റുകൾക്ക് നമ്മൾ സാഹചര്യങ്ങളെ കുറ്റപ്പെടുത്തും.

Published

|

Last Updated

കല്യാണവീട്ടിൽ ചെന്ന ഒരാളോട് അവിടെ നിന്ന കാരണവർ കുശലം ചോദിച്ചു: “ഭക്ഷണം കഴിച്ചോ?” ഉടനെ അയാൾ ദേഷ്യത്തോടെ മറുപടി പറഞ്ഞു: “ഞാൻ കഴിച്ചില്ലെങ്കിൽ നിങ്ങൾക്കെന്താ?” പാവം കാരണവർ കുശലം ചോദിച്ചതാണ്. പക്ഷേ, മറുപടി കേട്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിക്കാണും! ഇനി മറ്റൊരു സംഭവം. പകൽ സമയത്ത് വീട്ടിൽ സുഖമായി മൊബൈലിൽ നോക്കിയിരിക്കുന്ന ഒരാളോട് ഭാര്യ വന്ന് പറയുന്നു: “ആ ലൈറ്റ് ഒന്ന് ഓഫ് ചെയ്യൂ.” ഉടനെ മറുപടി: “എനിക്കറിയാം, ഞാൻ ചെയ്തോളാം.” പത്ത് മിനുട്ട് കഴിഞ്ഞിട്ടും ലൈറ്റ് കത്തുന്നുണ്ട്. അവസാനം ഭാര്യ തന്നെ പോയി ഓഫ് ചെയ്യുന്നു! മിക്ക മനുഷ്യരും ഇപ്പോൾ ഇങ്ങനെയാണ്. ആരെങ്കിലും നമ്മളോട് എന്തെങ്കിലും പറഞ്ഞ് ചെയ്യിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്! ഒന്നും പറയാതിരുന്നാൽ കുഴപ്പമില്ല.

പറഞ്ഞാൽ പിന്നെ മറുപടിക്ക് മറുപടിയായി ഒരു പ്രഭാഷണം തന്നെ കേൾക്കേണ്ടിവരും! ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ ആദ്യം ചോദിക്കും: “എന്തിന്?” ചെയ്യരുതെന്ന് പറഞ്ഞാൽ ചോദിക്കും: “അതെന്താ?” ചെയ്യാൻ സമ്മതിച്ചാൽ പറയും: “എനിക്കുതന്നെ അറിയാം!” സമ്മതിച്ചില്ലെങ്കിൽ പറയും: “എന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടേണ്ട!” ചുരുക്കത്തിൽ, എന്ത് പറഞ്ഞാലും പ്രശ്നമാണ്. ഈ സ്വഭാവം കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കുമുണ്ട്. ചിലപ്പോൾ പ്രായം കൂടുന്നതിനനുസരിച്ച് ഈ സ്വഭാവത്തിന്റെ തീവ്രതയും കൂടും! “എന്നോട് ആരും പറയേണ്ട, എനിക്കറിയാം!” എന്ന രോഗമാണിത്.

നമ്മൾ ചെയ്യാൻ വിചാരിച്ച കാര്യം തന്നെ മറ്റൊരാൾ പറഞ്ഞാൽ ചെയ്യാനുള്ള താത്പര്യം പെട്ടെന്ന് കുറയും. ജോലി ചെയ്യുന്നതിലല്ല പ്രശ്നം, അത് ചെയ്യാൻ തീരുമാനിക്കേണ്ടത് നമ്മൾ തന്നെയായിരിക്കണം! അതായത്, ജോലിയോടല്ല പ്രശ്നം, അത് പറഞ്ഞ ആളോടാണ്! നമ്മുടെ ഉള്ളിൽ എവിടെയോ ഒരു കൊച്ചുകുട്ടി ദുർവാശി പിടിച്ച് ഇരിക്കുന്നുണ്ട്: “എനിക്ക് തന്നെ ചെയ്യാനറിയാം, എന്നോട് ആരും പറയേണ്ട!”

ഈ സ്വഭാവത്തിന് പിന്നിൽ പലപ്പോഴും പ്രവർത്തിക്കുന്നത് നമ്മുടെ ഈഗോയാണ്. ഒരാൾ നമ്മളോട് പറയുന്നു: “നിങ്ങൾ കുറച്ചുകൂടി സമയനിഷ്ഠ പാലിക്കണം.” ഉടനെ നമ്മുടെ മറുപടി: “ഞാൻ ഒരിക്കലും വൈകാറില്ല, ചിലപ്പോൾ സാഹചര്യങ്ങൾ കൊണ്ടാണ് വൈകുന്നത്!” വൈകിയെത്തുന്ന നമ്മൾക്ക് നൂറ് ന്യായങ്ങൾ കാണും. മറ്റൊരാൾ അഞ്ച് മിനുട്ട് വൈകിയാലോ, അയാൾക്ക് ഉത്തരവാദിത്വമില്ലെന്ന് നമ്മൾ ഉറപ്പിക്കുകയും ചെയ്യും. “സംസാരിക്കുമ്പോൾ നിങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കണം” എന്ന് ഒരാൾ പറഞ്ഞാൽ ഉടനെ നമ്മൾ പറയും: “ഞാൻ തുറന്നുപറയുന്ന ആളാണ്. സത്യം പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല!” അതായത്, നമ്മുടെ കുറ്റം പോലും ഒരു പ്രത്യേക കഴിവായി അവതരിപ്പിക്കാൻ നമുക്ക് നല്ല മിടുക്കാണ്.

നമ്മുടെ മേശപ്പുറത്ത് പേപ്പറുകളും പുസ്തകങ്ങളും വസ്ത്രങ്ങളും എല്ലാം കൂടി കിടന്നാൽ അത് ക്രിയേറ്റിവിറ്റിയാണ്. മറ്റൊരാളുടെ മേശ അങ്ങനെ കണ്ടാൽ അത് അച്ചടക്കമില്ലായ്മയാണ്. സ്വന്തം തെറ്റുകൾക്ക് നമ്മൾ സാഹചര്യങ്ങളെ കുറ്റപ്പെടുത്തും. മറ്റുള്ളവരുടെ തെറ്റുകൾക്ക് അവരുടെ സ്വഭാവത്തെയും! ഇതാണ് നമ്മുടെ ഈഗോയുടെ ഒരു പ്രത്യേകത. സ്വന്തം കാര്യത്തിൽ ന്യായാധിപനും മറ്റുള്ളവരുടെ കാര്യത്തിൽ കുറ്റാന്വേഷകനുമാണ് നമ്മൾ. ചിലപ്പോൾ ഒരാൾ നല്ലൊരു നിർദേശം നൽകിയാൽ പോലും അത് സ്വീകരിക്കാൻ നമ്മുടെ മനസ്സ് തയ്യാറാകില്ല. കാരണം, ആ നിർദേശം ശരിയാണോ എന്നതിനേക്കാൾ അത് പറഞ്ഞത് ആരാണ് എന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. ഒരു ജൂനിയർ ജീവനക്കാരൻ നല്ലൊരു കാര്യം പറഞ്ഞാൽ സീനിയറുടെ മനസ്സിൽ ആദ്യം വരുന്നത് “ഇവൻ എന്നെ പഠിപ്പിക്കുകയാണോ?” എന്നായിരിക്കും. ഒരു വിദ്യാർഥി അധ്യാപകന്റെ തെറ്റ് ചൂണ്ടിക്കാണിച്ചാൽ ചില അധ്യാപകർക്ക് അത് അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്.

നമ്മൾ വഴി തെറ്റിയാൽ ഗൂഗിൾ മാപ്പ് ശബ്ദമുയർത്താതെ പുതിയ വഴി കാണിച്ചുതരും. നമ്മൾ അതിനോട് വഴക്കിടാറില്ല. എന്നാൽ ചിലപ്പോൾ വീട്ടിൽ ഭാര്യയോ ഭർത്താവോ ഒരു വഴി പറഞ്ഞാൽ ഗൂഗിൾ മാപ്പിനേക്കാൾ വലിയ തർക്കം തുടങ്ങും! ഓർക്കുക, എല്ലാ നിർദേശങ്ങളും അപമാനമല്ല, എല്ലാ തിരുത്തലുകളും കുറ്റപ്പെടുത്തലല്ല, എല്ലാ ഉപദേശങ്ങളും നമ്മളെ നിയന്ത്രിക്കാനുള്ള ശ്രമവുമല്ല. ചിലർക്ക് നമുക്കില്ലാത്ത അനുഭവമുണ്ടാകും. ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ ഉടനെ മറുപടി നൽകുന്നതിന് മുമ്പ് ഒരു ചെറിയ ചോദ്യം സ്വയം ചോദിക്കാം: “അവർ പറഞ്ഞത് തെറ്റായതുകൊണ്ടാണോ ഞാൻ എതിർക്കുന്നത്, അതോ അവർ പറഞ്ഞതുകൊണ്ടാണോ?” ഈ ചോദ്യം നമ്മുടെ പല അനാവശ്യ തർക്കങ്ങൾക്കും അവധി നൽകും. തിരുത്തപ്പെടുന്നത് തോൽവിയല്ല; തിരുത്താൻ തയ്യാറാകാതിരിക്കുന്നതാണ് യഥാർഥ പരാജയം.

മറ്റുള്ളവർ പറയുന്നത് കേൾക്കാനും ചിന്തിക്കാനും ശരിയായത് സ്വീകരിക്കാനും തെറ്റായത് ഒഴിവാക്കാനും കഴിയുന്ന അവസ്ഥയിലെത്തുക എന്നതാണ് പക്വതയുള്ളവരാകുക എന്നതിന്റെ അർഥം. എല്ലാവരും പറയുന്നതെല്ലാം അനുസരിക്കേണ്ടതില്ല. പക്ഷേ, ആരെങ്കിലും പറയുന്നതെല്ലാം എതിർക്കുകയും വേണ്ട! അങ്ങനെ വന്നാൽ നമ്മൾ സ്വതന്ത്രരല്ല; നമ്മുടെ ഈഗോയുടെ അടിമകളാണ്. ഒരു സഹപ്രവർത്തകൻ നിർദേശം നൽകിയാൽ അയാളുടെ പദവി നോക്കാതെ അതിന്റെ ഗുണം നോക്കാം. ഭാര്യ “ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടുവരണം” എന്ന് പറഞ്ഞാൽ കുടുംബ സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ചർച്ച തുടങ്ങാതെ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം!

ബോസ് ഒരു ജോലി ഏൽപ്പിച്ചാൽ “എന്തിനാണ് എന്നെ മാത്രം?” എന്ന് ചോദിക്കുന്നതിനു മുമ്പ് അത് ചെയ്യാൻ ശ്രമിക്കാം. ഇനി ആരെങ്കിലും നമ്മളോട് ഒരു കാര്യം പറഞ്ഞാൽ ഉടനെ മറുപടി പറയാൻ നാവ് തയ്യാറാകുമ്പോൾ മനസ്സിനോട് ഒന്ന് പറയണം: “മോനേ, കുറച്ചുനേരം മിണ്ടാതിരുന്നാലും നിന്റെ വ്യക്തിത്വത്തിന് ഒന്നും സംഭവിക്കില്ല!” ഈഗോയ്ക്ക് ഒരു ചായ ബ്രേക്ക് കൊടുക്കുക. ആദ്യം കേൾക്കുക, പിന്നെ ചിന്തിക്കുക, അതിനുശേഷം പ്രതികരിക്കുക. ഒരു ചെറിയ ഉപദേശം കേട്ടതുകൊണ്ട് നമ്മുടെ അന്തസ്സ് കുറഞ്ഞുപോകില്ല. ഒരു തെറ്റ് സമ്മതിച്ചതുകൊണ്ട് നമ്മുടെ പദവി നഷ്ടപ്പെടുകയുമില്ല. ചിലപ്പോൾ “ശരി, ഞാൻ ശ്രദ്ധിക്കാം” എന്നൊരു മറുപടി വലിയൊരു തർക്കം ഒഴിവാക്കും. ഓർക്കുക: “എത്ര നിർദേശങ്ങൾ നിരസിക്കുന്നു എന്നതിലല്ല നമ്മുടെ സ്വാതന്ത്ര്യം; ഏതൊക്കെ നിർദേശങ്ങൾ സ്വീകരിക്കണം എന്ന് വിവേകത്തോടെ തീരുമാനിക്കുന്നതിലാണ് നമ്മുടെ യഥാർഥ സ്വാതന്ത്ര്യം.

” നമ്മളെ തിരുത്തുന്നവരെല്ലാം നമ്മുടെ ശത്രുക്കളല്ല; ചിലപ്പോൾ അവർ നമ്മുടെ വളർച്ചയുടെ വഴിയിൽ നിൽക്കുന്ന നല്ല വഴികാട്ടികളാണ്. അതുകൊണ്ട് അടുത്ത തവണ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ആദ്യം ദേഷ്യപ്പെടാതെ ഒന്ന് ചിരിക്കാം. കാരണം, ചിലപ്പോൾ അവർ പറയുന്നതിൽ കാര്യമുണ്ടാകും. ഇനി കാര്യമില്ലെങ്കിൽ പോലും, അത് കേട്ടതുകൊണ്ട് മാത്രം നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, നല്ലൊരു കാര്യം കേൾക്കാൻ തയ്യാറാകാത്തതുകൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടാം!

Content Highlights: This article explores human psychology and how the ego makes people reject simple advice and corrections from others. It explains that stubborn reactions often stem from pride rather than logic, hindering personal growth. Embracing constructive feedback and listening openly is essential for true maturity and better relationships.

Latest