Editorial
പി എസ് സിയും ഗവര്‍ണറുടെ അധികാര പരിധിയും
സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുന്ന തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയാണ് ഗവർണറുടെ ഉത്തരവാദിത്വം. അല്ലാതെ സമാന്തരമായി ഭരണം നടത്താനോ സര്‍ക്കാറിന്റെ അധികാരങ്ങളില്‍ അനാവശ്യമായി ഇടപെടാനോ തുനിയരുത്.
പി എസ് സി ചെയര്‍മാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശിപാര്‍ശ നല്കിയ മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നടപടി അധികാര ദുര്‍വിനിയോഗമാണ്. ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുമ്പ് ഈ മാസം15നാണ് അദ്ദേഹത്തിന്റെ ഈ അസാധാരണ നടപടി. പി എസ് സിക്കെതിരെ ബി ജെ പിയുടെ പോഷക സംഘടനകളായ യുവമോര്‍ച്ചയും എ ബി വി പിയും നല്കിയ പരാതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് രാഷ്ട്രപതിക്കു നല്കിയ കത്തില്‍. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പി എസ് സിക്കെതിരെ ഒരു ഗവര്‍ണറുടെ ഇത്തരമൊരു നീക്കം.
ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട് ഭരണഘടന. സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്ന ഗവര്‍ണറുടെ പദവി ആലങ്കാരികമാണ്. തിരഞ്ഞെടുക്കപ്പെട്ട ജനകീയ സര്‍ക്കാറിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടനയുടെ അനുഛേദം 163 ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാറിയ കമ്മീഷന്- പൂഞ്ചി കമ്മീഷന് റിപോര്‍ട്ടുകളില്‍, സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ചായിരിക്കണം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ ശിപാര്‍ശകളുടെയും കീഴ്്വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ് ആര്‍ലേക്കറുടെ നടപടി. സര്‍ക്കാറിന്റെ ശിപാര്‍ശയില്ലാതെ നല്കിയ റിപോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. ആര്‍ലേക്കര്‍ ശിപാര്‍ശ നല്കിയ കാര്യം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ചില അപൂര്‍വ അവസരങ്ങളില്‍ ഗവര്‍ണര്‍ക്ക് സ്വന്തം വിവേചനാധികാരം പ്രയോഗിക്കാമെങ്കിലും ആ ഗണത്തില്‍ പെടുന്നതല്ല പി എസ് സിയുമായി ബന്ധപ്പെട്ട വിഷയം.
പി എസ് സി ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 316 പ്രകാരമാണ് കമ്മീഷന് നിയമനം. അംഗങ്ങള്‍ക്ക് ആറ് വര്‍ഷത്തെ കാലാവധിയുണ്ട്. ഈ കാലാവധിക്കകം ഒരു അംഗത്തെയോ പി എസ് സിയെ മൊത്തമായോ പിരിച്ചുവിടണമെങ്കില്‍ ആര്‍ട്ടിക്കിള്‍ 317 പ്രകാരം സുപ്രീംകോടതി അന്വേഷണം നടത്തുകയും പിരിച്ചുവിടാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും വേണം. അതിനു ശേഷം മാത്രമേ രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ. തീര്‍ത്തും ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കണം രാഷ്ട്രപതിയുടെ തുടര്‍നടപടി.
ഭരണഘടന പ്രകാരം ‘പെരുമാറ്റദൂഷ്യം’ എന്ന കാരണത്താല്‍ മാത്രമേ പി എസ് സി ചെയര്‍മാനെയോ അംഗത്തെയോ നീക്കം ചെയ്യാനാകൂ. സാധാരണ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ചുമത്താറുള്ള ‘കൃത്യവിലോപം’, ‘പെരുമാറ്റച്ചട്ട ലംഘനം’ എന്നതിനേക്കാള്‍ വിശാലവും കര്‍ശനമായി തെളിയിക്കപ്പെടേണ്ടതുമാണ് ഭരണഘടനാ പദവിയിലിരിക്കുന്നവരുടെ ‘പെരുമാറ്റദൂഷ്യം’. വ്യക്തിപരമായ സാമ്പത്തിക നേട്ടം, ഗൂഢാലോചനയില്‍ നേരിട്ടുള്ള പങ്കാളിത്തം, വ്യക്തമായ അഴിമതി എന്നിവയാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അത് തെളിയിക്കപ്പെടുകയും വേണം. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെരുമാറ്റദൂഷ്യമായി സുപ്രീം കോടതിയില്‍ സ്ഥാപിച്ചെടുക്കുക അതീവ ശ്രമകരമാണ്. ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ കേവലം ഭരണപരമായ കെടുകാര്യസ്ഥതയുടെയോ സാങ്കേതിക പിഴവുകളുടെയോ പേരില്‍ പുറത്താക്കാനാകില്ലെന്ന് പല കേസുകളിലും സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്.
അതേസമയം, പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും എതിരെ ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ ഗുരുതരവും മാപ്പര്‍ഹിക്കാത്തതുമാണ്. ആസൂത്രണ ബോര്‍ഡിലെ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിലാണ് ആഭ്യന്തര വിജിലന്‍സ് ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയത്. സര്‍ക്കാറാണ് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരുന്നുമുണ്ട്. അതിനിടെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്കിയതെന്തിനാണ്? കത്ത് നല്കാന് തന്റെ കാലാവധിയുടെ അവസാന നാളുകള്‍ വരെ കാത്തിരുന്നതെന്തിന്?
ബി ജെ പി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാറിന്റെ ദൈനംദിന ഭരണകാര്യങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യങ്ങളിലും ഗവര്‍ണര്‍മാര്‍ അനാവശ്യമായി ഇടപെട്ടു വരുന്നുണ്ട്. പശ്ചിമ ബംഗാള്‍, തമിഴ്നാട്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിരന്തരം സര്‍ക്കാറുകളെ പ്രയാസത്തിലാക്കുന്ന നീക്കങ്ങള്‍ നടത്തിയിട്ടുണ്ട് ഗവര്‍ണര്‍മാര്‍. രാജ്ഭവനെ ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അസ്ഥിരപ്പെടുത്തുകയെന്ന കേന്ദ്ര സര്‍ക്കാര്‍ അജന്‍ഡയുടെ ഭാഗമാണിത്. ഭരണഘടനാപരമായ ചുമതലകള്‍ നിര്വഹിക്കുന്നതിലുപരി കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകങ്ങളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍.
ഭരണഘടനയുടെ ആത്മാവ് സഹകരണാത്മക ഫെഡറലിസത്തിലാണ്. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര ബഹുമാനത്തോടെയും ഭരണഘടനാപരമായും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാട്ടുന്ന തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. അല്ലാതെ സമാന്തരമായി ഭരണം നടത്താനോ സര്‍ക്കാറിന്റെ അധികാരങ്ങളില്‍ അനാവശ്യമായി ഇടപെടാനോ തുനിയരുത്. ഭരണഘടനാപരമായ ഈ അതിരുകള്‍ ലംഘിക്കപ്പെടുമ്പോഴാണ് ജനാധിപത്യ ഭരണ സംവിധാനത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കുന്നത്. തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വം അറിഞ്ഞു കൊണ്ടായിരിക്കണം ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടത്.



