National
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തുന്നു
കൂടിക്കാഴ്ചയില്‍ യുക്രൈന്‍ വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ഭാഗം അവതരിപ്പിക്കും.

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നു. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചായിരുന്നില്ല ഇന്ത്യ പ്രവര്‍ത്തിച്ചത്.
ദക്ഷിണേഷ്യ, ഇന്തോ-പസഫിക് മേഖല, ആഗോള പ്രശ്‌നങ്ങള്‍ എന്നിവയില്‍ നിലവിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ഇരു നേതാക്കളും അവലോകനം ചെയ്യുകയും അഭിപ്രായങ്ങള്‍ കൈമാറുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരുപക്ഷത്തെയും പതിവ് ഇടപഴകല്‍ നിലനിര്‍ത്താന്‍ വെര്‍ച്വല്‍ മീറ്റിംഗ് സഹായിക്കും.
വാഷിംഗ്ടണില്‍ നടക്കുന്ന ഇന്ത്യ-യുഎസ് ടു പ്ലസ് ടു മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കെന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടു പ്ലസ് ടു ചര്‍ച്ചകള്‍ നടക്കുക.
ഇന്ന് രാവിലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ കാണുമെന്ന് ബിഡന്‍ ട്വിറ്റ് ചെയ്തു. ഇരു സര്‍ക്കാരുകളും സമ്പദ്വ്യവസ്ഥകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കൂടിക്കാഴ്ചയില്‍ യുക്രൈന്‍ വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന് മുന്നില്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ഭാഗം അവതരിപ്പിക്കും. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ യുഎസും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെയുള്ള പല പാശ്ചാത്യ രാജ്യങ്ങളും വിമര്‍ശിച്ചിരുന്നു. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലിപ് സിംഗ് ഇന്ത്യയുടെ നിലപാടില്‍ നിരാശ പ്രകടിപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ചൈന ആക്രമണാത്മക നിലപാട് സ്വീകരിച്ചാല്‍ റഷ്യ ഇന്ത്യയുടെ സഹായത്തിന് വരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കെതിരായ രണ്ട് പ്രമേയങ്ങളില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടില്‍ അമേരിക്ക നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിന് പുറമെ റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.