Connect with us

National

പ്രവാസി ഭാരതീയ ദിവസ് ഇന്ന് മുതല്‍; ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും

'പ്രവാസികള്‍: ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Published

|

Last Updated

ദുബൈ | വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനും പ്രവാസികളെ പരസ്പരം ഇടപഴകാന്‍ പ്രാപ്തരാക്കുന്നതുമായ പ്രവാസി ഭാരതീയ ദിവസ് ഇന്ന് മുതല്‍ 10 വരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കും. ‘പ്രവാസികള്‍: ഇന്ത്യയുടെ പുരോഗതിക്ക് വിശ്വസനീയമായ പങ്കാളികള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ കണ്‍വെന്‍ഷന് എത്തും.

2023 ജനുവരി ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍, സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖി വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജനുവരി 10 ന്, സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു 2023-ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നിരവധി കേന്ദ്ര മന്ത്രിമാര്‍ സംബന്ധിക്കും.

‘ആസാദി കാ അമൃത് മഹോത്സവ് – ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രവാസികളുടെ സംഭാവന’ എന്ന വിഷയത്തില്‍ നടക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ എക്‌സിബിഷന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ജി 20 യുടെ പ്രത്യേക ടൗണ്‍ഹാളും ഒരുക്കും. അഞ്ച് പ്ലീനറി സെഷനുകള്‍ ഉണ്ടായിരിക്കും. നവീനാശയങ്ങളിലും പുതിയ സാങ്കേതികവിദ്യകളിലും പ്രവാസി യുവാക്കളുടെ പങ്ക്, ഇന്ത്യന്‍ ആരോഗ്യ പരിചരണ വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതില്‍ വിദേശ ഇന്ത്യക്കാരുടെ പങ്ക്, വിഷന്‍ @2047, ഇന്ത്യയുടെ സോഫ്റ്റ് പവറിനെ പ്രയോജനപ്പെടുത്തുക, ഇന്ത്യന്‍ തൊഴിലാളികളുടെ ആഗോള ചലനാത്മകത, രാജ്യനിര്‍മാണത്തിനായുള്ള സമഗ്രമായ സമീപനത്തിലേക്ക് പ്രവാസി സംരംഭകരുടെ സാധ്യതകള്‍ എന്നീ വിഷയങ്ങളിലാണ് പ്ലീനറി സെഷനുകള്‍. പ്രവാസി വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷവും കൊവിഡ് -19 മഹാമാരിക്ക് ശേഷവും നേരിട്ട് നടത്തുന്ന പരിപാടി എന്ന നിലക്ക് 17 ാമത് പിബിഡി കണ്‍വെന്‍ഷന് ഏറെ പ്രാധാന്യമുണ്ട്.

ശരീഫ് കാരശ്ശേരി പങ്കെടുക്കും
ഇന്‍ഡോറില്‍ നടക്കുന്ന 17 ാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനില്‍ ഐ സി എഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി പങ്കെടുക്കും. കുടിയേറ്റ നിയമങ്ങളിലെ അപര്യാപ്തത, പ്രവാസി ക്ഷേമം, നൈപുണ്യ വികസനം, ആശ്വാസ പദ്ധതികള്‍, പുനരധിവാസം, പ്രവാസി വോട്ട്, വിമാനനിരക്ക് അടക്കം വിവിധ പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലേക്ക് അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്ന ഇടപെടലുകള്‍ക്ക് ശ്രമിക്കുമെന്ന് ലോക കേരള സഭ അംഗവും സിറാജ് ഗള്‍ഫ് ജനറല്‍ മാനേജരുമായ ശരീഫ് വ്യക്തമാക്കി.