Connect with us

Kerala

പോലീസ്-മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട്; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ ഡാന്‍സാഫ് പിരിച്ചുവിട്ടു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നഗരത്തില്‍ മയക്കുമരുന്ന് മാഫിയകളെ പിടികൂടാന്‍ രൂപവത്ക്കരിച്ച ഡാന്‍സാഫ് (Dansaf) വ്യാജ കേസുകളെയും പ്രതികളെയും സൃഷ്ടിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഡാന്‍സാഫ് പിരിച്ചുവിട്ടു. നഗരത്തില്‍ പോലീസ്-മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടുണ്ടെന്ന് കണ്ടെത്തിയതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളജ്, പേട്ട സ്റ്റേഷന്‍ പരിധികളില്‍ പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിലോകണക്കിന് കഞ്ചാവ് കണ്ടെത്തിയതായി വ്യക്തമാക്കി ഡാന്‍സാഫ് വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ പ്രതികളെയും ഡാന്‍സാഫ് ‘സൃഷ്ടി’ച്ചതാണെന്ന് കണ്ടെത്തി.

ഇന്റലിജന്‍സ് വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലാണ് കണ്ടെത്തല്‍. ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ഡാന്‍സാഫ് മയക്കുമരുന്ന് കച്ചവടക്കാരുടെ സഹായത്തോടെ നഗരത്തിലേക്ക് കഞ്ചാവ് എത്തിക്കുകയാണെന്ന ഗുരുതരമായ വിവരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പോലീസിനെ കൊണ്ട് കേസെടുപ്പിക്കുകയാണ് ചെയ്യുന്നത്. തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പോലീസ് വാഹനത്തില്‍ കൊണ്ടുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തി ചിലരെ കൊണ്ടുവന്ന് പ്രതിയാക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.