Connect with us

Kerala

പി എം എ സലാം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരും; പിടിച്ചടക്കി കുഞ്ഞാലിക്കുട്ടി പക്ഷം

കെ എം ഷാജി പക്ഷം  എം കെ മുനീറിനായി ശക്തമായ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം സ്വാദിഖലി തങ്ങളുടെ തീരുമാനത്തോടെ വിഫലമായി. 

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ആക്ടിംഗ് സെക്രട്ടറി പി എം എ സലാം തിരിഞ്ഞെടുക്കപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പക്ഷത്തിന്റെ നിലപാടുകൾക്ക് കോഴിക്കോട്ട് ചേർന്ന സ്റ്റേറ്റ് കൌൺസിലിൽ അംഗീകാരം നൽകുകയായിരുന്നു.

കെ എം ഷാജി നേതൃത്വം നൽകുന്ന പക്ഷം  എം കെ മുനീറിനെ ജനറൽ സെക്രട്ടറി ആക്കാനുള്ള ശക്തമായ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം പ്രസിഡൻ്റ് പാണക്കാട് സ്വാദിഖലി തങ്ങളുടെ തീരുമാനത്തോടെ വിഫലമായി.

തർക്കം മുറുകിയതോടെ മുഴുവൻ ജില്ലാ പ്രസിഡൻ്റ്- ജനറൽ സെക്രട്ടറിമാരെയും ഇന്നലെ വിളിച്ചുവരുത്തി തങ്ങൾ അഭിപ്രായം തേടിയിരുന്നു. കോഴിക്കോട് ഒഴികെയുള്ള മുഴുവൻ ജില്ലാ കമ്മിറ്റികളും പി എം എ സലാമിന് പിന്തുണ അറിയിച്ചതായാണ് വിവരം.

കെ എം ഷാജി,  പി എം സ്വാദിഖലി എന്നീ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മുനീറിനായുള്ള ചരടുവലികൾ നടന്നത്. തുടർന്ന്, തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് അഭ്യൂഹമുയർന്നെങ്കിലും വൈകീട്ടോടെ തീരുമാനത്തിലെത്തുകയായിരുന്നു.

പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ തന്നെ പ്രസിഡൻ്റായി തുടരും. സി ടി അഹ്മദലിയാണ് ട്രഷറർ. വി കെ ഇബ്റാഹീം കുഞ്ഞ്, എം സി മായിൻ ഹാജി, അബ്ദുർറഹിമാൻ കല്ലായി, സി എം എ കരീം, സി എച്ച്‌ റഷീദ്,  ടി എം സലീം. സി പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുല്ല, സി പി സൈതലവി എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുർറഹിമാൻ രണ്ടത്താണി, അഡ്വ. എൻ ഷംസുദ്ധീൻ,  കെ എം ഷാജി, സി പി ചെറിയ മുഹമ്മദ്, സി മമ്മുട്ടി, പി എം സാദിഖലി, പാറക്കൽ അബ്ദുല്ല,  അഡ്വ. മുഹമ്മദ് ഷാ,  ഷാഫി ചാലിയം എന്നിവരാണ്  സെക്രട്ടറിമാർ. കൂടാതെ, യു സി രാമനെയും സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

റിട്ടേണിംഗ് ഓഫീസറായ ഇ ടി മുഹമ്മദ് ബഷീർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട്ടെ ലീഗ് ഹൌസിലാണ് സംസ്ഥാന കൌൺസിൽ നടന്നത്.

Latest