Kerala
'മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച മാതൃകകള്‍ പിന്തുടരണം'; രാജേഷിന്റെയും ജോണിന്റെയും വീടുകള്‍ സന്ദര്‍ശിച്ച് പിണറായി
അങ്ങേയറ്റത്തെ അനാദരവാണ് രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത്. രാജേഷിന്റെ കുടുംബത്തെ സംരക്ഷിക്കണം. ജോണിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണം.
തിരുവനന്തപുരം | കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം പെരിങ്ങമല സ്വദേശി രാജേഷിന്റെയും മത്സ്യബന്ധത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ വിഴിഞ്ഞം സ്വദേശി ജോണിന്റെയും വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. രാജേഷിന്റെ രണ്ട് മക്കളെയും സാന്ത്വനപ്പെടുത്തി ചേര്‍ത്ത് പിടിച്ചു. എംബാം ചെയ്യാതെയും മതിയായ ഫ്രീസര്‍ സൗകര്യമില്ലാതെയും രാജേഷിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ നടപടിയില്‍ അധികൃതരെ പ്രതിപക്ഷ നേതാവ് ശക്തമായി വിമര്‍ശിച്ചു.
അങ്ങേയറ്റത്തെ അനാദരവാണ് രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. രാജേഷിന്റെ കുടുംബത്തെ വഴിയാധാരമാകാതെ സംരക്ഷിക്കണം. രാജേഷിന്റെ കടം തിരിച്ചടക്കണം. രാജേഷിന്റെ ഭാര്യക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തരമായി തീരുമാനിക്കണം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണം. നല്ല വീട് നിര്‍മിക്കാന്‍ ആവശ്യമായ സഹായം നല്‍കണം. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാനത്തെ മുന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ച മാതൃകകള്‍ പിന്തുടരണമെന്നും പിണറായി ആവശ്യപ്പെട്ടു. എന്തു ചെയ്താലും ഒന്നും രാജേഷിന്റെ കാര്യത്തില്‍ അധികമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിലും പിണറായി എത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും ബി ജെ പി നേതാവിനോട് സഹായം തേടിയത് വിചിത്രമായ കാര്യമാണെന്നും പിണറായി കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ഇങ്ങനെയല്ല ഏകോപിപ്പിക്കേണ്ടത്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ഇങ്ങനെ ആയിരുന്നില്ല. ഏതെങ്കിലും ഒരു ബി ജെ പി നേതാവ് മുഖാന്തരമല്ല സഹായം തേടേണ്ടത്. സര്‍ക്കാര്‍ തെറ്റ് തിരുത്തണം. ജോണിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണം. കുടുംബം തന്നെ അറിയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം എല്‍ എമാരായ മുഹമ്മദ് റിയാസ്, വി ജോയ്, മുന്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Content Highlights:
Kerala Chief Minister Pinarayi Vijayan visited the residences of Rajesh and John. He stated that models adopted by previous governments should be followed. The visit highlights key political developments in the state.



