Connect with us

National

അരുണാചലിൽ മൂന്നാം തവണയും പെമ ഖണ്ഡു അധികാരത്തിൽ

ഇറ്റാനഗറിലെ ദോർജി ഖണ്ഡു കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഗവർണർ കെ ടി പരനായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

Published

|

Last Updated

ഇറ്റാനഗർ | തുടർച്ചയായ മൂന്നാം തവണയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ചൗന മേനും സത്യപ്രതിജ്ഞ ചെയ്തു. ഇറ്റാനഗറിലെ ദോർജി ഖണ്ഡു കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ഗവർണർ കെ ടി പരനായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കിരൺ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ പങ്കെടുത്തു.

ഇവരെ കൂടാതെ ബിയൂറാം വാഘ, ന്യാതോ ദുകം, ഗൻറിൽ ഡെൻവാങ് വാങ്‌സു, വാങ്കി ലോവാങ്, പസാങ് ദോർജി സോന, മാമാ ന്തുംങ്, ദസാങ്‌ലു പുൽ, ബാലോ രാജ, കെൻ്റോ ജിനി, ഓസിംഗ് താസിംഗ് എന്നി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

ഇന്നലെ ഇറ്റാനഗറിൽ നടന്ന നിയമസഭാ കക്ഷി യോഗം പെമ ഖണ്ഡുവിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ രവിശങ്കർ പ്രസാദും തരുൺ ചുഗും യോഗത്തിൽ പങ്കെടുത്തു. ഇതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഖണ്ഡു ഗവർണർ കെ ടി പരനായിക്കിനെ കണ്ടു.

2016 മുതൽ അരുണാചൽ മുഖ്യമന്ത്രിയാണ് പേമ ഖണ്ഡു. നബാം തുകിയുടെ രാജിക്ക് ശേഷമാണ് അദ്ദേഹം ആദ്യമായി ചുമതലയേറ്റത്. ഖണ്ഡു ആദ്യമായി സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം കോൺഗ്രസിനൊപ്പമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്.

ഇത്തവണ 60ൽ 46 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. 2019ലേതിനേക്കാൾ അഞ്ച് സീറ്റുകൾ വർധിച്ചു. പെമ ഖണ്ഡു ഉൾപ്പെടെ പാർട്ടിയുടെ 10 സ്ഥാനാർഥികൾ എതിരില്ലാതെ എംഎൽഎമാരായി. അതിനാൽ 50 സീറ്റുകളിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. നാഷണൽ പീപ്പിൾസ് പാർട്ടിയുമായി (എൻപിപി) ബിജെപിക്ക് സംസ്ഥാനത്ത് സഖ്യമുണ്ട്.

NPP 5 സീറ്റുകൾ നേടി. ഈ സാഹചര്യത്തിൽ അരുണാചലിൽ എൻഡിഎയ്ക്ക് 51 സീറ്റാണുള്ളത്. അരുണാചലിൽ ബിജെപി സഖ്യം 60 സീറ്റുകളിലും മത്സരിച്ചപ്പോൾ കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നത്.

Latest