Kerala
തീവ്രവാദ സ്വഭാവം പി ഡി പിക്ക് ഇന്നില്ല, ജമാഅത്തെ ഇസ്ലാമി ആര്‍ എസ് എസിന്റെ ഇസ്ലാം പതിപ്പ്: ബിനോയി വിശ്വം
കോണ്‍ഗ്രസ്സിന്റെ തലയില്‍ നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന ഭാരം അവര്‍ ഇറക്കിവെക്കട്ടെ

നിലമ്പൂര്‍ | പി ഡി പിയും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ സാമ്യമില്ലെന്നും ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞവരാണ് ജമാഅത്തെ ഇസ്ലാമിയെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. ഇന്നലത്തെ പി ഡി പി അല്ല ഇന്നുള്ളത്. അന്നത്തെ തീവ്രവാദ സ്വഭാവമോ പ്രവര്‍ത്തനമോ പി ഡി പിക്ക് ഇന്നില്ലെന്നും ബിനോയി വിശ്വം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ്സിന്റെ തലയില്‍ നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി എന്ന ഭാരം അവര്‍ ഇറക്കിവെക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യു ഡി എഫ് സ്വീകരിച്ചതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ശക്തമായി ഇന്നലെ രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി ലോകമെമ്പാടുമുള്ള വര്‍ഗീയ ശക്തിയാണെന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. ഹിന്ദു രാഷ്ട്രം വേണമെന്ന് ആര്‍ എസ് എസ് പറയുന്നതുപോലെ ഇസ്ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമി. പി ഡി പിക്ക് അങ്ങനെയൊരു നിലപാടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ കൂട്ടുകെട്ടുമില്ലെന്നും അന്നും ഇന്നും എന്നും അങ്ങനെയായിരിക്കുമെന്നും ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.