Connect with us

Kerala

വ്യാജ പരാതി; പോലീസ് പീഡനത്തിന് ഇരയായ ഹൃദ്രോഗിയായ യുവാവ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കും

പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട | സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വ്യാജ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് നിയമനടപടിക്ക്. ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും ചൂരല്‍ ഉപയോഗിച്ച് കാല്‍പാദത്തില്‍ അടിച്ചെന്ന് യുവാവ് പറഞ്ഞു. കൂടല്‍ പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഇരുപതുകാരന്‍ പറഞ്ഞു. കാലിന് മുകളില്‍ ബൂട്ടിട്ട് ചവിട്ടി. ചെവിയില്‍ പിടിച്ച് വലിച്ചു. മുടിയില്‍ പിടിച്ചു വലിച്ചു. രാവിലെ എണീക്കാന്‍ പോലും പറ്റിയില്ല. പിടിച്ചുകൊണ്ടുപോകുമ്പോള്‍ എന്താണ് കേസെന്ന് പോലും എനിക്ക് അറിയില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.

ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചവരാണ് തങ്ങളെന്ന് യുവാവിന്റെ സഹോദരന്‍ പറഞ്ഞു. ബൈപ്പാസ് സര്‍ജറി കഴിഞ്ഞതായിരുന്നു അവന്. ഒന്നും ചെയ്യല്ലേ എന്ന് കുറേ തവണ പറഞ്ഞതാണ്. അതൊന്നും കേള്‍ക്കാതെയായിരുന്നു ഉപദ്രവമെന്നും സഹോദരന്‍ പറഞ്ഞു. കൂടല്‍ പോലീസ് സ്റ്റേഷനിലേക്ക് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. കൊടുമണ്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണു മാര്‍ച്ച്. 10 പേര്‍ ചേര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു 13 വയസുകാരിയുടെ പരാതി. ചൈല്‍ഡ് ലൈനിലും പോലീസിലും പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞതോടെ പൊലീസ് രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ബോധ്യപ്പെട്ടു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്നും വ്യക്തമായി. സഹപാഠിയോടുള്ള പ്രണയനൈരാശ്യമാണ് പരാതിക്ക് പിന്നിലെന്നും പെണ്‍കുട്ടി പറഞ്ഞു.

13കാരിയുടെ മൊഴി വീണ്ടുമെടുത്തപ്പോള്‍ പീഡനം നടന്നിട്ടില്ലെന്ന് പെണ്‍കുട്ടി സമ്മതിച്ചു. മജിസ്ട്രേറ്റിനോടും പൊലീസിനോടും ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെ പരാതി വ്യാജം എന്ന് തെളിഞ്ഞു. ഇതോടെ കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ അടക്കം പോലീസ് വിട്ടയച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

 

Content Highlights:
A twenty-year-old heart patient is taking legal action against Koodal police for severe custodial torture over a fake POCSO case. The thirteen-year-old girl admitted her sexual assault complaint was false and stemmed from a school romance issue. Medical examination confirmed no assault took place leading police to release the detained youths.

 

Latest