Connect with us

National

സീറ്റ് ലഭിച്ചില്ല; പാർട്ടി എം എൽ എ. ബി ജെ പിയിൽ

ത്രിപുരയിൽ സി പി എമ്മിന് തിരിച്ചടി

Published

|

Last Updated

അഗർത്തല | ത്രിപുരയിൽ ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള സി പി എം ശ്രമത്തിനിടെ പാർട്ടിക്ക് തിരിച്ചടിയായി എം എൽ എ. ബി ജെ പിയിൽ ചേർന്നു. വടക്കൻ ത്രിപുരയിലെ കൈലാസാഹർ മണ്ഡലത്തിൽ നിന്ന് വിജയിച്ച സി പി എം നേതാവ് മുബാഷിർ അലിയാണ് ഡൽഹിയിൽ വെച്ച് ബി ജെ പിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസ്സ് മുൻ സംസ്ഥാന അധ്യക്ഷനും മുൻ എം എൽ എയുമായ സുബാൽ ഭൗമികും ബി ജെ പിയിൽ ചേർന്നു. ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയുടെ സാന്നിധ്യത്തിലായിരുന്നു ഇരുനേതാക്കളുടെയും ബി ജെ പി പ്രവേശം.

സി പി എം സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മുബാഷിർ അലി അടക്കം എട്ട് സിറ്റിംഗ് എം എൽ എമാരെ ഒഴിവാക്കിയിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ അലി വിജയിച്ച കൈലാസാഹർ മണ്ഡലം കോൺഗ്രസ്സിന് വിട്ടുനൽകുകയും ചെയ്തു. സി പി എമ്മിന് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് കൈലാസാഹർ.

അതേസമയം, നാല് തവണ മുഖ്യമന്ത്രിയായ സി പി എം പോളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ, മുൻ മന്ത്രിമാരായ ബാദൽ ചൗധരി, തപൻ ചക്രബർത്തി, സാഹിദ് ചൗധരി, ബാനുലാൽ സാഹ എന്നിവരെയും സി പി എം ഇത്തവണ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.