Kerala
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ല; തീരുമാനമറിയിച്ച് പന്തളം കൊട്ടാരം
കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നതിനാലാണ് ഇതെന്നാണ് വിശദീകരണം. എന്നാല്‍, സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വാര്‍ത്താക്കുറിപ്പിലുണ്ട്.

പത്തനംതിട്ട | ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന നിലപാടുമായി പന്തളം കൊട്ടാരം. കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്നതിനാലാണ് ഇതെന്നാണ് വിശദീകരണം. പന്തളം കൊട്ടാരം നിര്‍വാഹക സംഘം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, അയ്യപ്പ സംഗമം സംബന്ധിച്ചുള്ള അതൃപ്തിയും വിയോജിപ്പുകളും വാര്‍ത്താക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യുവതി പ്രവേശന കാലയളവിലെ കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കാത്തതിലും സുപ്രീം കോടതിയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലുമുള്ള കടുത്ത പ്രതിഷേധം വാര്‍ത്തക്കുറിപ്പിലുണ്ട്. വിശ്വാസം സംരക്ഷിച്ചുകൊണ്ടാവണം സര്‍ക്കാരും ദേവസ്വം ബോര്‍ഡും മുന്നോട്ടു പോകേണ്ടതെന്നും നിര്‍വാഹക സംഘം അറിയിച്ചു.
പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറിയുടെ സഹോദരീ പുത്രിയായ തൃപ്പൂണിത്തുറ കോവിലകത്തെ മാളവിക കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഈമാസം 11ന് രാജകുടുംബാംഗമായ ലക്ഷ്മി തമ്പുരാട്ടിയും അന്തരിച്ചു.