National
പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു
യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പങ്കുവച്ചിരുന്നു

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. പാക് ഗായകന്‍ ആതിഫ് അസ്ലമിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. ഈ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കുമെതിരെ പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പങ്കുവച്ചിരുന്നു.
പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, മറിയം നവാസ്, ബിലാവല്‍ ഭൂട്ടോ എന്നിവരുള്‍പ്പെടെ നിരവധി പാക് നേതാക്കളുടെയും മന്ത്രിമാരുടെയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. നേരത്തെ, ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പാകിസ്ഥന്‍ സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു.
ബാബര്‍ അസം, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍, ഹാരിസ് റൗഫ്, ഇമാം ഉള്‍ ഹഖ് എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പാകിസ്ഥാനിലെ 16 പ്രധാന യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി.