editorial
തിങ്ങിനിറഞ്ഞ ജയിലുകളും മനുഷ്യാവകാശവും
രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട് ഭരണഘടന. കുറ്റവാളികള്‍ക്ക് പോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനാകില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുടെ ലംഘനവും സാമൂഹിക നീതിനിഷേധവുമാണ് ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധം.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരുണ്ട വശങ്ങളിലൊന്നാണ് നമ്മുടെ ജയിലുകളുടെ ഉള്‍വശം. രാജ്യത്തെ ജയിലുകളിലെല്ലാം ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം തടവുകാരുണ്ടെന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിന്റെ കീഴിലുള്ള “പ്രയാസ്’ എന്ന ഫീല്‍ഡ് ആക്്ഷന്‍ പ്രൊജക്ടും ഇന്ത്യാ ജസ്റ്റിസ് റിപോര്‍ട്ടും ചേര്‍ന്ന് നടത്തിയ പഠന റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. പല ജയിലുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ജയില്‍ ശേഷിയെക്കുറിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന ദേശീയ ശരാശരി കണക്കുകള്‍ യാഥാര്‍ഥ്യത്തെ മറച്ചു പിടിക്കുന്നതാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
തടവുകാരുടെ എണ്ണക്കൂടുതല്‍ കാരണം ഒരാള്‍ക്ക് കിടക്കാവുന്ന സ്ഥാനത്ത് രണ്ടും മൂന്നും പേര്‍ക്ക് കിടക്കേണ്ടി വരുന്നു. കൈകാലുകള്‍ നിവര്‍ത്താന്‍ പോലും പറ്റാത്ത അവസ്ഥ. ശുചിത്വ സൗകര്യങ്ങള്‍ക്ക് അവസരം കാത്തുകഴിയേണ്ട അവസ്ഥയും ശുദ്ധജലത്തിന്റെയും ആരോഗ്യ പരിപാലനത്തിന്റെയും പരിമിതിയും തടവു ശിക്ഷക്ക് പുറമെ തടവുകാര്‍ ശാരീരിക പീഡനങ്ങള്‍ അനുഭവിക്കാനും സാംക്രമിക രോഗങ്ങള്‍ പടരാനും വഴിയൊരുക്കുന്നു. ജയിലുകളിലെ ആത്മഹത്യാ പ്രവണതയും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് ഈ സ്ഥല, സൗകര്യ പരിമിതിയുടെ കൂടി അനന്തര ഫലമാണ്. ജയിലുകളിലെ അസ്വാഭാവിക മരണങ്ങളില്‍ 80 ശതമാനവും ആത്മഹത്യയാണെന്നാണ് “ദി പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ’ റിപോര്‍ട്ട്. തടവുകാര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജയിലുകളില്‍ സൈക്യാട്രിസ്റ്റുകളെ നിയമിക്കണമെന്നാണ് വ്യവസ്ഥ. മോഡല്‍ പ്രിസണ്‍ മാനുവല്‍ നിര്‍ദേശമനുസരിച്ച് രാജ്യത്തെ ജയിലുകളില്‍ 1,150 സൈക്യാട്രിസ്റ്റുകളെ നിയമിക്കണം. എന്നാല്‍ ആകെ അനുവദിച്ചത് 65 തസ്തികകളാണ്.
സൈക്യാട്രിസ്റ്റുകളെ മാത്രമല്ല, തടവുകാരുടെ വര്‍ധനവനുസരിച്ച് ഇതര ജീവനക്കാരെയും കൂടുതലായി നിയമിക്കേണ്ടതുണ്ട്. ജയില്‍ ജീവനക്കാരുടെ തസ്തികയില്‍ വലിയൊരു ശതമാനം ഒഴിഞ്ഞു കിടക്കുകയാണ്. ജയിലിനുള്ളില്‍ കുറ്റകൃത്യങ്ങളും ഗുണ്ടായിസവും ലഹരി ഉപയോഗവും വര്‍ധിച്ചു വരുന്നതിന്റെയും തടവുകാര്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ പതിവാകുന്നതിന്റെയും പ്രധാന കാരണം തടവുകാരെ നിയന്ത്രിക്കാന്‍ മതിയായ ജീവനക്കാരില്ലാത്തതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവനക്കാര്‍ക്ക് തടവുകാരെ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കാത്തത് ജയില്‍ ചാട്ടത്തിന് സഹായകവുമാകുന്നു. എണ്ണത്തിലെ പരിമിതി കാരണം നിലവിലുള്ള ജീവനക്കാര്‍ക്ക് അവധിയില്ലാതെയും വിശ്രമമന്യേയും ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇതുമൂലം ജീവനക്കാര്‍ക്ക് പലപ്പോഴും തടവുകാരോട് മാനുഷികമായ സമീപനം പുലര്‍ത്താന്‍ സാധിക്കാറില്ല. ജയിലില്‍ നിന്ന് ഇടക്കിടെ പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്.
കോടതികളിലെ വിചാരണാ നടപടികളുടെ കാലതാമസമാണ് തടവുകാരുടെ എണ്ണപ്പെരുപ്പത്തിന് പ്രധാന കാരണം. തടവുകാരില്‍ 76 ശതമാനവും വിചാരണാ തടവുകാരാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരുന്നത് നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ ദൗര്‍ബല്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ കാത്തുകഴിയുന്നവരില്‍ 70 ശതമാനവും എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ദാരിദ്ര്യവും (നിയമസഹായം തേടുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലായ്മ) നീതിയെ സംബന്ധിച്ചുള്ള അജ്ഞതയുമാണ് ഇവരെ അഴിക്കുള്ളില്‍ തളച്ചിടുന്നത്. “നീതി വിളംബം നീതിനിഷേധം’ എന്ന തത്ത്വം ഇവിടെ വിസ്മരിക്കപ്പെടുന്നു. താന്‍ ചെയ്ത കുറ്റമെന്തെന്നറിയാതെ എത്രയെത്ര നിരപരാധികളാണ് നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വരുന്നത്.
രാജ്യത്തെ ഓരോ പൗരനും അടിസ്ഥാന അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുണ്ട് ഭരണഘടന. കുറ്റവാളികള്‍ക്ക് പോലും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കാനാകില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളുടെ ലംഘനവും സാമൂഹിക നീതിനിഷേധവുമാണ് ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിഷേധം. ശിക്ഷ നടപ്പാക്കാനുള്ള ഇടം എന്നതിനപ്പുറം പുനരധിവാസത്തിന്റെയും സാമൂഹിക പുനഃസ്ഥാപനത്തിന്റെയും കേന്ദ്രങ്ങളാണ് ജയിലുകള്‍. “തിരുത്തല്‍ ശാലകള്‍’ എന്നാണ് ജയിലുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. സമൂഹത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ തടവുകാരനെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവനാക്കി പരിവര്‍ത്തിപ്പിക്കുകയാണ് ജയില്‍ തടവിന്റെ ലക്ഷ്യം. ജയിലിനകത്ത് അതിനനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കര്‍ത്തവ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ നിലവിലെ സാഹചര്യത്തില്‍, നിസ്സാര കുറ്റം ചെയ്ത വ്യക്തികളെയും വലിയ കുറ്റവാളികള്‍ക്കൊപ്പം പാര്‍പ്പിക്കേണ്ടി വരികയും, അവര്‍ വലിയ കുറ്റകൃത്യങ്ങള്‍ പഠിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ, ജാമ്യ വ്യവസ്ഥകള്‍ ലഘൂകരിക്കുക, വര്‍ഷങ്ങളായി വിചാരണ നീളുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികളും ജയില്‍ അദാലത്തുകളും സംഘടിപ്പിക്കുക തുടങ്ങിയവയാണ് തടവുകാരുടെ ക്രമാതീതമായ എണ്ണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍. ചെറിയ കുറ്റങ്ങളില്‍ തടവുശിക്ഷ വിധിക്കുന്ന പതിവ് രീതിയും പുനഃപരിശോധിക്കാവുന്നതാണ്. തടവു ശിക്ഷക്ക് പകരം പിഴ, സാമൂഹിക സേവനം, നിരീക്ഷണം (പ്രൊബേഷന്‍) തുടങ്ങിയവയാണ് പല പുരോഗമന രാജ്യങ്ങളും നിസ്സാര കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് നല്‍കി വരുന്നത്. അതിവിടെയും നടപ്പില്‍ വരുത്താവുന്നതാണ്.
ഒരു രാജ്യത്തിന്റെ നാഗരികതയും പുരോഗതിയും അളക്കേണ്ടത്, തടവുകാരോട് ആ രാജ്യം എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണെന്ന നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ജയിലിനകത്തും നിയമവാഴ്ചയും മനുഷ്യാവകാശവും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.



