Connect with us

National

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ ഡി റജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വെറും രണ്ടെണ്ണം മാത്രം

ഇ ഡി കേസുകളുമായി ബന്ധപ്പെട്ട് എ എ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ കണക്കുകള്‍ വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)ഇ ഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വെറും രണ്ട് കേസുകള്‍ മാത്രം.

ഇ ഡി കേസുകളുമായി ബന്ധപ്പെട്ട് എ എ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയും സംസ്ഥാനവും തിരിച്ചുള്ള കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല എന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയുടെ മറുപടി. എന്നാല്‍, ഓരോ വര്‍ഷവും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മന്ത്രി പുറത്തുവിട്ടു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇ ഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തിന് മാത്രമേ ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞുള്ളൂവെന്ന് സുപ്രിം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ പ്രവര്‍ത്തനത്തില്‍ കാര്യക്ഷമത ഉറപ്പാക്കണമൈന്നും ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.

2019-2024 കാലയളവില്‍ ഇഡി കേസുകളില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ പറയുന്നത്. 2022-2023 കാലയളവിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 32 കേസുകളാണ് അന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2016-2017 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലും 2019-2020 കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റൊരു കേസിലും മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

ഇ ഡി അടക്കമുള്ള ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെയും രാഷ്ട്രീയ എതിരാളികളെയും വേട്ടയാടുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ എന്നാണ് വ്യക്തമാവുന്നത്.

 

---- facebook comment plugin here -----

Latest