Connect with us

muslim league- congress

ഗവർണർക്കെതിരായ ഓർഡിനൻസ്: ലീഗും കോൺഗ്രസ്സും രണ്ട് തട്ടിൽ

യു ഡി എഫിൽ നിലപാടറിയിക്കുമെന്ന് സലാം

Published

|

Last Updated

കോഴിക്കോട് | ഗവർണർക്കെതിരായ ഓർഡിനൻസിനെ പിന്തുണക്കുന്ന കാര്യത്തിൽ മുസ്‌ലിം ലീഗും കോൺഗ്രസ്സും രണ്ട് തട്ടിൽ. ഓർഡിനൻസിനെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് പി എം എ സലാമും വ്യക്തമാക്കിയതോടെയാണ് യു ഡി എഫിൽ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് നിയമ വകുപ്പ് സർക്കാറിന് കൈമാറുകയും മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർക്ക് ചാൻസലറാകാം എന്നതാണ് വ്യവസ്ഥ. ഗവർണർ സംഘ്പരിവാറുകാരെ വി സിമാരായി നിയമിക്കുമെന്ന ഭയം പോലെ തന്നെ സർക്കാർ കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോ എന്ന ഭീതി പ്രതിപക്ഷത്തിനുണ്ടെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എന്നാൽ ആ ഭയമുള്ള പ്രതിപക്ഷ കക്ഷിയിൽ തങ്ങളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലീഗ് ജന. സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണം.
ഓർഡിനൻസിനെ എതിർക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. വി ഡി സതീശൻ പറഞ്ഞത് കോൺഗ്രസ്സ് നിലപാടാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. യു ഡി എഫിൽ നിലപാടറിയിക്കുമെന്നും സലാം പ്രതികരിച്ചു.

പ്രശ്നത്തിൽ ലീഗ് അയഞ്ഞ സമീപനം സ്വീകരിക്കുമ്പോൾ തന്നെ സുധാകരനുൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ ഗവർണറെ അനുകൂലിച്ചും സർക്കാറിനെതിരെ രൂക്ഷ വിമർശമുയർത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഓർഡിനൻസിനെ പിന്തുണക്കില്ലെന്ന സതീശന്റെ പ്രതികരണം. അതേസമയം, ഗവർണർക്കെതിരായ ഓർഡിനൻസിൽ കോൺഗ്രസ്സിലുണ്ടായ അഭിപ്രായ ഭിന്നതകൾ യു ഡി എഫിൽ ഉന്നയിക്കാൻ മലപ്പുറത്ത് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ അഭിപ്രായമുയർന്നു. യു ഡി എഫിൽ ആലോചിക്കാതെ കോൺഗ്രസ്സ് നേതാക്കൾ ഓർഡിൻസിനെ എതിർക്കുമെന്ന തരത്തിൽ പ്രസ്താവന നൽകിയത് ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഓർഡിനൻസിനെ എതിർക്കുമെന്ന് പറഞ്ഞത് ശരിയായില്ലെന്ന വിമർശവുമുയർന്നു. സർക്കാറുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും യു ഡി എഫിൽ ചർച്ച ചെയ്യാതെ കോൺഗ്രസ്സ് ഏകപക്ഷീയ തീരുമാനമെടുക്കുന്നുണ്ടെന്നും ഇത് മുന്നണി ബന്ധത്തെ തകർക്കുന്നതിന് തുല്യമാണെന്നും അഭിപ്രായമുയർന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്