Connect with us

National

മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി ; ഉദ്ധവ് താക്കറയുടെ ശിവസേനക്ക് കൂടുതല്‍ സീറ്റ്

ശിവസേന താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് സീറ്റുകളിലും മത്സരിക്കും

Published

|

Last Updated

മുംബൈ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മഹാ വകാസ് അഘാടി സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെ 48 ലോക്‌സഭ സീറ്റുകള്‍ക്കായി ധാരണയിലെത്തിയതായി മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശിവസേന താക്കറെ വിഭാഗം 21 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം പത്ത് സീറ്റുകളിലും മത്സരിക്കും. ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യം. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തെ ബിജെപി നേരിടുന്നത് മഹായുതി സഖ്യത്തിലൂടെയാണ്. ബിജെപി , ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന, അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യമാണ് ‘മഹായുതി’.

അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19 നാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. തുടര്‍ന്ന് ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20 തീയതികളിലും തിരഞ്ഞെടുപ്പ് നടക്കും.