Connect with us

Kerala

ഓണാഘോഷം: 665 കോടി "കുടിച്ച് ' തീർത്തു; 41 കോടിയുടെ അധിക വിൽപ്പന

രണ്ട് ദിവസത്തെ കണക്കുകൾ കൂടി വരുമ്പോൾ ഓണക്കാല മദ്യ വിൽപ്പന 770 കോടി കടക്കുമെന്ന് അധികൃതർ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | മലയാളി ഓണാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചക്കിടെ കുടിച്ചുതീർത്തത് 665 കോടി രൂപയുടെ മദ്യം. ബീവറേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലുമായാണ് ഇത്രയും മദ്യം ഓണനാളുകളിൽ (കഴിഞ്ഞ എട്ട് ദിവസത്തിനിടെ) വിറ്റുപോയത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് 624 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അതേസമയം, ഇത്തവണ ഉത്രാട ദിവസം മാത്രം 121 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം 116.2 കോടി രൂപയുടെ മദ്യം വിറ്റുപോയി. ബാറുകൾ വഴി 4.8 കോടിയുടെ മദ്യ വിൽപ്പന നടന്നു. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഔട്ട്‌ലെറ്റുകളിലൂടെ 112.07 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്.

രണ്ട് ദിവസത്തെ കണക്കുകൾ കൂടി വരുമ്പോൾ ഓണക്കാല മദ്യ വിൽപ്പന 770 കോടി കടക്കുമെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഓണക്കാലത്ത് പത്ത് ദിവസത്തിനിടെ 700 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ 1.06 കോടി, കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 1.01 കോടി രൂപയുടെയും മദ്യമാണ് വിൽപ്പന നടത്തിയത്. ചിന്നക്കനാൽ ഔട്ട്‌ലെറ്റി ലൂടെയാണ് ഏറ്റവും കുറഞ്ഞ വിൽപ്പന നടന്നത്. 6.32 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്. സർക്കാർ അവധിയും ഒന്നാം തീയതിയും ഒരുമിച്ചു വന്ന ഈ ഓണക്കാലത്ത് നാല് ദിവസങ്ങളിൽ മൂന്ന് ദിവസവും ബെവ്‌കോ തുറന്ന് പ്രവർത്തിക്കില്ല. ബെവ്‌കോക്ക് പുറമെ ഈ നാല് ദിവസങ്ങളിൽ രണ്ട് ദിവസം ബാറുകളും തുറക്കില്ല.

തിരുവോണം, നാലാം ഓണം എന്നീ ദിവസങ്ങളിൽ ആണ് സാധാരണ ബെവ്‌കോ അവധിയായിരിക്കുക. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്‌കോയും തുറക്കാത്തത്. ശ്രീനാരായണ ഗുരു ജയന്തിയായ നാലാം ഓണം സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഉത്സവ സീസണിൽ റെക്കോർഡ് വിൽപ്പന പതിവായതിനാൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്ന് മാനേജർമാർക്ക് നേരത്തേ ബെവ്‌കോ നിർദേശം നൽകിയിരുന്നു. ജനപ്രിയ ബ്രാൻഡുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ കരുതുക, സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുക, പ്രത്യേകിച്ചൊരു ബ്രാൻഡും ആവശ്യപ്പെടാത്ത ഉപഭോക്താക്കൾക്ക് സർക്കാറിന്റെ സ്വന്തം ബ്രാൻഡായ ജവാൻ റം നൽകുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സൗകര്യമൊരുക്കുക, തിക്കുംതിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കുക, വിൽപ്പന കൂടുതലുള്ള ഓണം സീസണിൽ ജീവനക്കാരുടെ അവധി ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരുന്നത്. ഇതോടൊപ്പം ഔട്ട്‌ലെറ്റുകളിൽ കെട്ടിക്കിടക്കുന്ന ബ്രാൻഡുകളിൽ വിൽപ്പന തീയതി കഴിഞ്ഞവ ശാസ്ത്രീയ പരിശോധന നടത്താതെ വിൽക്കരുതെന്നും നിർദേശിച്ചിരുന്നു.