International Arrivals
ഒമിക്രോണ്‍; വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍
ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും
ന്യൂഡല്‍ഹി | പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗ നിര്‍ദ്ദേശം ഇറക്കിയത്. ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
യാത്രക്ക് മുമ്പ് യാത്രികര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം. ഇതില്‍ കഴിഞ്ഞ പതിനാല് ദിവസം മുമ്പ് വരെയുള്ള യാത്രകളുടെ പൂര്‍ണ്ണ വിവരം ഉണ്ടായിരിക്കണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത കൊവിഡില്ലാ ആര്‍ ടി പി സി ആര്‍ രേഖ ഈ സൈറ്റില്‍ അപലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ സത്യവാങ്മൂലവും യാത്രികന്‍ നല്‍കണം. കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റില്‍ തിരിമറി കാണിച്ചാല്‍ ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം നടപടി ഉണ്ടാകും.
കൊവിഡ് രൂക്ഷമായി തുടരുന്ന രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രികര്‍ക്ക് മുമ്പ് ഉണ്ടായിരുന്നത് പോലെ പ്രത്യേക നിരീക്ഷണമുണ്ടാകും. ഇവര്‍ രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം. പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഏഴു ദിവസം ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണം.
യാത്ര നടത്തി തിരിച്ചെത്തുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തെ സെല്‍ഫ് ഐസൊലേഷന്‍ ഉണ്ടാകും. പിന്നീട് നെഗറ്റീവ് ആയാല്‍ ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ തുടരണം. കടല്‍ മാര്‍ഗവും കര മാര്‍ഗവും രാജ്യത്തെത്തുന്നവര്‍ക്കും പ്രത്യേക പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
കൊവിഡ് രൂക്ഷമായി തുടരുന്ന ഹൈ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ 12 രാജ്യങ്ങളാണ് ഉള്ളത്. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രഈല്‍, സിംഗപ്പൂര്‍, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലാന്‍ഡ്, ചൈന, സിംബാബ്വേ, ഹോംങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസിക് രാജ്യങ്ങളില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.



