Connect with us

jifri thangal against league

പള്ളികളിലെ പ്രതിഷേധം വേണ്ട: ലീഗിനെ തള്ളി ഇ കെ വിഭാഗം

സുന്നികള്‍ക്ക് അവകാശപ്പെട്ട പല വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്; മതത്തിന്റെ അടയാളമാണ് പള്ളി. പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകാന്‍ പാടില്ല

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് പള്ളിയില്‍ പ്രതിഷേധിക്കരുതെന്ന് ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഇത് അപകടം ചെയ്യുന്നതാണ്. പള്ളി വളരെ ആദരിക്കപ്പെടേണ്ട സ്ഥലമാണ്. മതത്തിന്റെ അടയാളമാണ് പള്ളി. പള്ളിയെ മലീമസമാക്കുന്ന, പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന ഒന്നും പള്ളിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ല. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതുവരെ ഒരു പ്രതിഷേധം ആലോചിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പള്ളിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ ആവില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന മുതവല്ലിമാരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

പ്രതിഷേധത്തിന്റെ പേരില്‍ പലരും പള്ളിയില്‍ കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. മുജാഹിദ്, ജമാഅത്ത് ഇസ്ലാമി ആശയക്കാരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ അവര്‍ പള്ളിയിലെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് പറഞ്ഞത്. പിന്നെ പ്രതിഷേധം നടത്തുന്നവര്‍ സുന്നികളാണെന്ന് പറയപ്പെടും.

ശരീഅത്ത് നിയമത്തിനെതിരായ രീതിയില്‍ പല സ്ഥലത്തും ഇന്ന് വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നു. വഖ്ഫ് ചെയ്തവര്‍ പറഞ്ഞത് അനുസരിച്ചല്ല പല വഖ്ഫ് സ്വത്തുക്കളും കൈകാര്യം ചെയ്യപ്പെടുന്നത്. പുത്തന്‍ ആശയക്കാര്‍ ബോര്‍ഡില്‍ എത്തിയതോടെയാണ് പലതും ഇങ്ങനെ സംഭവിച്ചത്. സുന്നികള്‍ക്ക് ആധീനപ്പെട്ട പല വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. വഖ്ഫ് സ്വത്ത് വളരെ പവിത്രമായ സ്വത്താണ്.

മുഖ്യമന്ത്രി തന്നോട് വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് പ്രതികരിച്ചത്. സമസ്തയുടെ പ്രതിഷേധം മുഖ്യമന്ത്രിയുമായി സംസാരിച്ചതിന് ശേഷം മാത്രമായിരിക്കും. ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രം പ്രതിഷേധിക്കും. ഇത് പിന്നീട് ആലോചിച്ച് തീരുമാനിക്കും.

സമസ്ത അടക്കുമള്ള മുഴുവന്‍ സംഘടനകളും പ്രതിഷേധത്തിനുണ്ടാകുമെന്ന മുസ്ലിംലീഗ് നിലപാടിനുള്ള കനത്ത തിരിച്ചടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വാക്കുകളുലുണ്ടായത്. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്ളിയില്‍ തന്നെ പറയുമെന്ന് പറഞ്ഞ് ഒരു വിഭാഗം ലീഗ്, ഇ കെ വിഭാഗം നേതാക്കക്കുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ഇ കെ സമസ്ത ഔദ്യോഗിക നേതൃത്വത്തില്‍ നിന്നുണ്ടായിരിക്കുന്നത്. നാളെ പള്ളികളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ സുന്നികളുണ്ടാകില്ലെന്ന് വ്യക്തമായതോടെ ഇനി ലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

 

 

 

Latest