ആരോഗ്യം
അരുത്, ജീവൻ വിലപ്പെട്ടതാണ്
കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഉള്ളിലൊതുക്കാതെ കുടുംബക്കാരോടോ, ആത്മാർഥ സുഹൃത്തുക്കളോടോ മനസ്സ് തുറക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങള്‍ അതിലും സങ്കീർണമാണെങ്കില്‍ ശാസ്ത്രീയമായ കൗണ്‍സലിംഗിന് വിധേയമാക്കുക.
ഒരു വ്യക്തി സ്വയം ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത് എപ്പോഴാണ്? അതികഠിനമായ വൈകാരിക പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴോ? ഒരിഞ്ചുപോലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസം ചിന്തകളെ ഗ്രസിക്കുമ്പോഴോ? വിദ്യാസമ്പന്നരും സുഖലോലുപതയില്‍ കഴിയുന്നവരും പ്രശസ്തരും വരെ ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കുമ്പോള്‍ സമൂഹം പലപ്പോഴും അതിന്റെ കാരണങ്ങള്‍ തേടാറുണ്ട്.
ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാല്‍, സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവരും മരണത്തിന്റെ വഴിതേടുന്നുമില്ല. അപ്പോള്‍ എന്തായിരിക്കാം ഒരു വ്യക്തിയെ ആത്യന്തികമായി മരണത്തിലേക്കെത്തിക്കുന്നത്.
ഇതുസംബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു സങ്കീർണ പ്രതിഭാസമായ ആത്മഹത്യയെ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്കാരികമായ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. കേവലം ഒറ്റക്കാരണം പറഞ്ഞ് ആത്മഹത്യയെ ലളിതവത്കരിക്കുന്നത് അശാസ്ത്രീയമാണ്. അതേസമയം, ഒരു വ്യക്തിയെ സ്വയംഹത്യയില്‍ നിന്ന് രക്ഷിക്കാനും പിന്തിരിപ്പിക്കാനും നമുക്കു മുന്നില്‍ അനേകം മാർഗങ്ങളുണ്ട്.ഏത് സമൂഹത്തിലായാലും ആത്മഹത്യകള്‍ ഒഴിവാക്കപ്പെടേണ്ടതും അതിനെതിരായ ബോധവത്കരണങ്ങള്‍ ശക്തമായി തുടരേണ്ടതുമാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സ്റ്റേറ്റ് ക്രൈം റോക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹത്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2013ല്‍ കേരളത്തില്‍ 8,446 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2024ല്‍ അത് 10,865 ആയി ഉയര്‍ന്നു. അതായത് 28.6 ശതമാനം വർധന. ആത്മഹത്യാ നിരക്കിന്റെ കാര്യമെടുക്കുകയാണെങ്കില്‍ 2014ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 23.9 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2024ല്‍ ഈ നിരക്ക് ലക്ഷത്തില്‍ 30.5 ആയി മാറി. ഗണ്യമായ വർധന.
കേരളത്തില്‍ നൂറില്‍ 82 ശതമാനം ആത്മഹത്യകളും പുരുഷന്മാര്‍ക്കിടയിലാണ്. 56 ശതമാനം ആത്മഹത്യകളും സംഭവിച്ചിട്ടുള്ളത് 45 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്. ശാരീരിക – മാനസിക രോഗങ്ങളും ഒറ്റപ്പെടലും സാമ്പത്തിക പ്രശ്നങ്ങളും ആയിരിക്കാം ഈ പ്രായപരിധിയിലുള്ളവരെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണം. 76 ശതമാനം പേരും വിവാഹിതരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരിലും കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയവരിലുമാണ് ആത്മഹത്യ കൂടുതല്‍. 54 ശതമാനം പേരും കുടുംബപ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്തത്. ലോകാരോഗ്യ സംഘടന ആരോഗ്യ മേഖലയില്‍ ലക്ഷ്യംവെച്ച ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ സംസ്ഥാനം കൈവരിച്ചെങ്കിലും ആത്മഹത്യയുടെ കാര്യത്തിലും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഈ ലക്ഷ്യങ്ങളെല്ലാം തകിടംമറിഞ്ഞിരിക്കുകയാണ്.
ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയമായ പഠനങ്ങള്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ 2024ല്‍ 2,17,300 ആത്മഹത്യാ ശ്രമങ്ങളെങ്കിലും ഇവിടെ നടന്നിട്ടുണ്ടാകും. 2024ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത് തിരുവനന്തപുരത്താണ്. (ലക്ഷത്തില്‍ 48). പിറകില്‍ കൊല്ലം (47), ഇടുക്കി (39.5), വയനാട് (38.9) എന്നീ ജില്ലകളുമുണ്ട്. ഏറ്റവും കുറവ് ആത്മഹത്യകള്‍ നടന്നത് മലപ്പുറം ജില്ലയിലാണ് (11).
കേരളം പോലുള്ള ജനപ്പെരുപ്പവും വിദഗ്ധ ചികിത്സാസൗകര്യവും നിരവധി ആശുപത്രികളുമുള്ള ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങള്‍ മറ്റുള്ളവര്‍ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് രക്ഷപ്പെടുത്തുന്നതുകൊണ്ടുകൂടിയാണ് മരണനിരക്ക് കുറയുന്നത്. ഇത്തരം സംവിധാനങ്ങളില്ലായിരുന്നുവെങ്കില്‍ അതും ആത്മഹത്യയില്‍ കലാശിക്കുമായിരുന്നു എന്ന് കാണാതിരുന്നുകൂട.
കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം രണ്ടാം സ്ഥാനത്താണ്. 2024ല്‍ കേരളത്തില്‍ ഒന്പത് കുടുംബങ്ങളിലായി 19 പേര്‍ കുടുംബ ആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. പാലക്കാട് മൂന്ന് കുടുംബ ആത്മഹത്യകളിലായി ആറ് പേരുടെ ജീവന്‍ പൊലിഞ്ഞു. കുടുംബ ആത്മഹത്യകളിൽ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്. ഭര്‍ത്താവും ഭാര്യയും കുഞ്ഞുങ്ങളുമൊന്നിച്ചുള്ള കൂട്ടമരണങ്ങള്‍ ഇന്ന് പത്രമാധ്യമങ്ങളില്‍ ചിത്രമടക്കം ഒരു സെന്‍സേഷനല്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.
പ്രണയനൈരാശ്യത്തിൽ നിന്ന് ഉടലെടുക്കുന്ന പകമൂലം കാമുകിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്നു. മാധ്യമങ്ങള്‍ ഇത്തരം ആത്മഹത്യകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യം തങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രേരകശക്തിയാകുന്നതിനാല്‍ ആത്മഹത്യ ജീവിത പ്രശ്നങ്ങള്‍ക്കുള്ള ഒരു പോംവഴിയായി തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
കേരളത്തില്‍ മാനസികരോഗങ്ങൾ മൂലം ആത്മഹത്യ ചെയ്തവരുടെ നിരക്ക് 17.1 ആണ്. ഇത് ദേശീയ നിരക്കായ അഞ്ച് ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇതെല്ലാം നമ്മുടെ സംസ്ഥാനത്ത് മാനസികരോഗികളുടെ എണ്ണം വർധിച്ചുവരുന്നു എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു. മാനസിക രോഗങ്ങളില്‍ വിഷാദം, അമിത മദ്യാസക്തി, മറ്റ് ലഹരി അടിമത്തം, സ്കീസോഫ്രീനിയ എന്നീ രോഗങ്ങളില്‍ ആത്മഹത്യാ സാധ്യത 10 മുതല്‍ 15 ശതമാനമാണ്. രോഗത്തിന്റെ ആരംഭാവസ്ഥയില്‍ തന്നെ ശരിയായ ചികിത്സ തേടിയാല്‍ ഇത്തരം ആത്മഹത്യകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍, കൃഷിനാശം, കൊവിഡ് മൂലം കച്ചവടം തകര്‍ന്നുപോയ ബിസ്നസ്സുകാര്‍, യുവജനങ്ങളുടെ വർധിച്ചുവരുന്ന ലഹരി ഉപയോഗം, ലോക്ഡൗണിന് ശേഷം കൗമാരപ്രായക്കാര്‍ക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങള്‍, അന്ധമായ പാശ്ചാത്യ അനുകരണം, സാംസ്കാരിക ജീർണത, ആത്മഹത്യയെ അനുകൂലിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വർധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയെല്ലാം ജനതയുടെ മാനസിക പ്രതിരോധശക്തി തകര്‍ത്ത് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവില്ലാത്തവരാക്കി തീര്‍ക്കുന്നു.
ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും തന്റെ മനസ്സിലുള്ള ആശയം പ്രത്യക്ഷമായോ പരോക്ഷമായോ നേരത്തേതന്നെ സൂചിപ്പിക്കാറുണ്ട്. പക്ഷേ, ഈ കാര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതോ അത് നിസ്സാരമായി കാണുന്നതോ മൂലം വേണ്ട മുന്‍കരുതലുകളൊന്നും എടുക്കാന്‍ കഴിയാതെ പോകുന്നു. ഉറക്കമില്ലായ്മ, വിഷാദം, ഉത്സാഹക്കുറവ്, നിര്‍വികാരത, ക്ഷീണം, അശ്രദ്ധ, അമിതമായ കുറ്റബോധം, പരിഭ്രാന്തി, ആശയക്കുഴപ്പം, സ്ഥലകാലബോധമില്ലായ്മ, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്. മറ്റുള്ളവർ തന്നെ മുന്‍കൈയെടുത്ത് നിസ്സഹായാവസ്ഥയിലുള്ള വ്യക്തിയെ അയാളുടെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനും സഹായിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മാനസികരോഗങ്ങളാണ് മൂലകാരണങ്ങളെങ്കില്‍ ഇത്തരക്കാരെ എത്രയും പെട്ടെന്ന് മാനസികരോഗ ചികിത്സക്ക് വിധേയരാക്കണം. കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഉള്ളിലൊതുക്കാതെ കുടുംബക്കാരോടോ, ആത്മാർഥ സുഹൃത്തുക്കളോടോ മനസ്സ് തുറക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങള്‍ അതിലും സങ്കീർണമാണെങ്കില്‍ ശാസ്ത്രീയമായ കൗണ്‍സലിംഗിന് വിധേയമാക്കുക. ആത്മഹത്യക്ക് കാരണമായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു മാർഗം സാമൂഹിക സാമ്പത്തിക ജീവിത മേഖലകളിലെ ഏതൊരു പ്രശ്നത്തേയും ധൈര്യമായി നേരിടാന്‍ ഏവരെയും സജ്ജരാക്കുക എന്നതാണ്.




